nagarasaba
കുര്യൻമല മിനി സ്റ്റേഡിയം.

മൂവാറ്റുപുഴ : ഗ്രാമീണ മേഖലയിലെ യുവാക്കളുടെ ആരോഗ്യ പരിരക്ഷയും കായിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ കുര്യൻമലയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം കായിക മന്ത്രി വി. അബ്ദുൾ റഹ്മാൻ 25ന് നാടിന് സമർപ്പിക്കും. 70 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഇരുപത്തിനാലാം വാർഡിൽ 80 സെന്റ് സ്ഥലത്താണ് മിനിസ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ടർഫ് മോഡൽ സ്റ്റേഡിയമാണ് ഇതെന്ന് നഗരസഭാ ചെയർപഴ്സൺ പി.പി. എൽദോസ് പറഞ്ഞു. ഗാലറി, ഫ്ലഡ് ലൈറ്റ് സംവിധാനം എന്നിവയുണ്ട്.

കേരള സർക്കാരിൽ നിന്ന് 35 ലക്ഷം രൂപയും നഗരസഭാ വിഹിതമായി 10 ലക്ഷം രൂപയും ഡീൻ കുര്യാക്കോസ് എം.പി. ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും സ്റ്റേഡിയത്തിനായി വിനിയോഗിച്ചു. സമീപ പഞ്ചായത്തുകളായ വാളകം, പായിപ്ര എന്നിവിടങ്ങളിലെ യുവജനങ്ങൾക്ക് കൂടി പ്രയോജനം ലഭിക്കുന്നതിനാണ് കുര്യൻ മലയിൽ കളിക്കളം നിർമ്മിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാവും മൂവാറ്റുപുഴ നഗരസഭാ ചെയർമാനുമായിരുന്ന അന്തരിച്ച അഡ്വ .കെ.ആർ. സദാശിവൻനായരുടെ സ്‌മരണാർത്ഥം നിർമ്മിച്ച സ്റ്റേഡിയത്തോടനുനുബന്ധിച്ച് ടർഫ്, മഡ് കോർട്ട്, ഗാലറി, ഓഫീസ്, വിശ്രമ മുറികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ പി.പി. എൽദോസ് അദ്ധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു, ഉപസമിതി അദ്ധ്യക്ഷന്മാരായ അജിമോൻ അബ്ദുൾ ഖാദർ, പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, മീര കൃഷ്ണൻ, നിസ അഷറഫ്, മുനിസിപ്പൽ സെക്രട്ടറി എച്ച്. സിമി, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.