കൊച്ചി: മൾട്ടി പ്ലെക്സ് തിയേറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ അനുവദിക്കുന്നില്ലെന്നും അകത്തുള്ള ഷോപ്പുകളിൽ അമിതവില ഈടാക്കുന്നുവെന്നുമുള്ള പരാതി തള്ളി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഒപ്പം തീയേറ്ററുകളിൽ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകി.
എറണാകുളം പി.വി.ആർ മൾട്ടി പ്ലെക്സ് സിനിമാസിനെതിരെ കോഴിക്കോട് സ്വദേശി ഐ. ശ്രീകാന്ത് നൽകിയ പരാതിയാണ് മതിയായ തെളിവുകളില്ലെന്ന കാരണത്താൽ കോടതി തള്ളിയത്.
പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണെന്നും ഇത് സിനിമ കാണാൻ വരുന്ന എല്ലാവർക്കും ബാധകമാണെന്നും കമ്പനി വാദിച്ചു. കൂടാതെ പ്രേക്ഷകരുടെ സുരക്ഷ, ഹാളിലെ ശുചിത്വം, ഭക്ഷണം എന്ന പേരിൽ ലഹരിവസ്തുക്കൾ, തീപിടിക്കുന്ന വസ്തുക്കൾ പോലുള്ളവ കൊണ്ടുവരാനുള്ള സാദ്ധ്യത എന്നിവ കണക്കിലെടുത്തുള്ള സാധാരണവും ന്യായവുമായ ഒരു നിബന്ധനയാണെന്നും ഭക്ഷണം വാങ്ങാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും ശുദ്ധീകരിച്ച കുടിവെള്ളം സൗജന്യമായി നൽകുന്നുണ്ടെന്നും തീയറ്റർ അധികൃതർ കോടതിയെ ബോദ്ധ്യപ്പെടുത്തി.
ആവശ്യത്തിന് സമയം ലഭ്യമാക്കിയിട്ടും പരാതിക്കാരൻ തെളിവുകളോ സത്യവാങ്മൂലമോ ഹാജരാക്കിയില്ലെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.