ആലുവ: ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷത്തിന്റെ പേരിൽ നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ച് ചെയർമാന്റെ നേതൃത്വത്തിൽ ബാങ്ക് അക്കൗണ്ട് തുറന്ന് 1.3 കോടി രൂപ തട്ടിയെന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത്.
നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ച് തുടങ്ങുന്ന അക്കൗണ്ടുകൾ നഗരസഭയുടെ ഔദ്യോഗിക അക്കൗണ്ടായതിനാൽ സെക്രട്ടറിയും നിർബന്ധമായി വേണ്ടതാണ്. എന്നാൽ സെക്രട്ടറിയെ ഒഴിവാക്കിയായിരുന്നു തട്ടിപ്പ്. മാത്രമല്ല ഈ അക്കൗണ്ട് മുഖേന നടത്തുന്ന വരവുചിലവുകൾ നഗരസഭാ കണക്കുകളിൽ ഉൾപ്പെടുത്തേണ്ടതും തദ്ദേശ സ്വയം ഭരണ വകുപ്പ് ഓഡിറ്റ് ചെയ്യേണ്ടതുമാണ്. എന്നാൽ നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ച് തുടങ്ങിയ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിൽ നിന്ന് സെക്രട്ടറിയെ മനഃപ്പൂർവം ഒഴിവാക്കിയെന്നാണ് ബി.ജെ.പി ആരോപണം. ഇതുസംബന്ധിച്ച വിവരാവകാശരേഖകളും ബി.ജെ.പി പുറത്തുവിട്ടിട്ടുണ്ട്.
2021ൽ തുടങ്ങി 2025ൽ അവസാനിപ്പിച്ച അക്കൗണ്ടിലൂടെ ഒരു കോടി മുപ്പത് ലക്ഷം രൂപയിലധികമുള്ള ഇടപാടുകൾ നഗരസഭാ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നതും ഓഡിറ്റ് ചെയ്തിട്ടില്ലെന്നുമാണ് ബി.ജെ.പി ആരോപണം.
എന്നാൽ ശതാബ്ദി അക്കൗണ്ടിനെക്കുറിച്ച് നഗരസഭയ്ക്ക് അറിവില്ലെന്നും സെക്രട്ടറി അതിന്റെ ഭാഗമല്ലെന്നും നഗരസഭയിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ട്.
അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളടക്കം എല്ലാ രേഖകളും സെക്രട്ടറിക്ക് സമർപ്പിക്കണമെന്നും കൗൺസിലിൽ അവതരിപ്പിക്കണമെന്നും കഴിഞ്ഞ മാർച്ചിൽ ജോയിന്റ് ഡയറക്ടർ നിർദ്ദേശിച്ചെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ച് തുടങ്ങിയ അക്കൗണ്ടിലൂടെ ലഭിച്ച ഫണ്ട് നഗരസഭയുടെ തനത് ഫണ്ടാണെന്ന് മുനിസിപ്പൽ ആക്ട്, വകുപ്പ് 283 വ്യക്തമാക്കുന്നു.
സെക്രട്ടറി ഭാഗമാകാതെ തുടങ്ങിയ അക്കൗണ്ട് വഴി നടന്ന അഴിമതിയെയും തട്ടിപ്പിനെയും കുറിച്ച് ശരിയായ അന്വേഷണം നടത്തണം. വ്യക്തമായ തെളിവുകൾ പുറത്ത് വന്നിട്ടും പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാത്ത നഗരസഭാ സെക്രട്ടറിയുടെ നടപടി ദുരൂഹമാണ്.
എൻ. ശ്രീകാന്ത്
(കൗൺസിലർ)
കെ. പത്മകുമാർ
(ബി.ജെ.പി മുനിസിപ്പൽ സെക്രട്ടറി)