കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ അമലാപുരം തട്ടുപാറയ്ക്ക് സമീപം പാറമടയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുരുഷന്റേതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 18നും 30നും ഇടയിൽ പ്രായമുള്ള ഒരാളുടേതാണ് മൃതദേഹം. എങ്കിലും, മരണകാരണം ഇതുവരെ വ്യക്തമല്ല.
കഴിഞ്ഞ 19ന് വൈകിട്ടാണ് അമലാപുരം തട്ടുപാറയിലെ പാറമടയിൽ അജ്ഞാത മൃതദേഹത്തിന്റെ പകുതി ഭാഗം കണ്ടത്. പാറമടയിൽ ചൂണ്ടയിടാനെത്തിയ കുട്ടികളാണ് ആദ്യം ഇത് കണ്ടത്. അവർ മാതാപിതാക്കളെയും പിന്നീട് പൊലീസിനെയും വിവരം അറിയിച്ചു. മൃതദേഹത്തിന്റെ അരയ്ക്ക് താഴെയുള്ള ഭാഗമാണ് കണ്ടെത്തിയത്. ഏകദേശം 20 ദിവസത്തോളം പഴക്കമുണ്ടായിരുന്നതിനാൽ ശരീരത്തിൽ നിന്ന് മാംസം പൂർണമായും അഴുകിപ്പോയിരുന്നു. ബാക്കി ഭാഗം അഴുകിപ്പോയതോ, പാറമടയിലെ മത്സ്യങ്ങൾ ഭക്ഷിച്ചതോ ആകാമെന്നാണ് നിഗമനം.
പാറമടയ്ക്ക് 40 അടി താഴ്ചയുള്ളതിനാൽ മുങ്ങൽ വിദഗ്ദ്ധർ പരിശോധന നടത്തിയിരുന്നു. ഒരു ദിവസത്തെ തിരച്ചിലിനൊടുവിൽ മൂന്ന് എല്ലുകൾ മാത്രമാണ് അവർക്ക് കണ്ടെത്താൻ കഴിഞ്ഞത്. ഈ മൂന്ന് എല്ലുകളാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. എല്ലുകൾക്ക് പൊട്ടലുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി ജില്ലാ കളക്ടറുടെ അനുമതിക്കായി അപേക്ഷ നൽകുമെന്ന് അയ്യമ്പുഴ എസ്.എച്ച്.ഒ. ടി.കെ. ജോസ് അറിയിച്ചു.