esi
എറണാകുളം നോർത്ത് ഇ.എസ്.ഐ ആശുപത്രി

കൊച്ചി: ആയിരക്കണക്കിനാളുകൾ ചികിത്സയ്ക്കെത്തുന്ന എറണാകുളം നോർത്ത് ഇ.എസ്.ഐ ആശുപത്രിയിൽ നഴ്‌സുമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ എണ്ണത്തിൽ വലിയ ക്ഷാമം. ആശുപത്രി തുടങ്ങുന്ന സമയത്ത് 45 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന സംവിധാനമായിരുന്നു ഉള്ളത്. കിടത്തി ചികിത്സിക്കാവുന്നവരുടെ എണ്ണം പത്തുവർഷം മുമ്പ് 65 ആക്കി ഉയർത്തി. പക്ഷേ സ്റ്റാഫ് പാറ്റേണിൽ മാറ്റംവന്നില്ല.

സാധാരണ എല്ലായിടത്തും നഴ്‌സുമാരുടെ എണ്ണം കൂടുതലും ഡോക്ടർമാരുടെ എണ്ണം കുറവുമാണ്. എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. ഡോക്ടർമാരിൽ രണ്ടുപേർ താത്കാലിക പോസ്റ്റിലാണ്.

താലൂക്ക് ആശുപത്രിയേക്കാൾ സൗകര്യങ്ങളുള്ള ഇ.എസ്.ഐ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിൽ കെ.ജി.എൻ.എ ഉൾപ്പെടെ പ്രതിഷേധത്തിലുമാണ്. കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചതിനൊപ്പം ഇ.സി.ജി ടെക്‌നീഷ്യൻ, ഓപ്പറേഷൻ തീയേറ്റർ ടെക്‌നീഷ്യൻ എന്നിവരുടെ എല്ലാം തസ്തികകൾ സൃഷ്ടിക്കേണ്ടിയിരുന്നുവെങ്കിലും ഇതെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകൾ എല്ലാം 45 രോഗികകളെ കിടത്തി ചികിത്സിക്കുന്ന സമയത്തെ സ്റ്റാഫ് പാറ്റേണിന് അനുസരിച്ചുള്ളതാണ്.

24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ലേബർറൂം, ഐ.സി.യു എന്നിവിടങ്ങളിൽ രണ്ട് സ്റ്റാഫെങ്കിലും വേണമെന്നിരിക്കെ നിലവിൽ ഒരു നഴ്‌സിംഗ് സ്റ്റാഫ് മാത്രമാണുള്ളത്. രോഗികളുടെ എണ്ണത്തിന് അനുപാതികമായി നഴ്‌സിംഗ് വിഭാഗം ജീവനക്കാരില്ല എന്നുള്ളത് രോഗീപരിചരണത്തെ സാരമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എൻ.എ ഇ എസ് ഐ ആശുപത്രിക്കു മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു.


തുടരുന്നത് പഴയ സ്റ്റാഫ് പാറ്റേൺ

* നിലവിലെ നഴ്‌സുമാർ: 11
* സീനിയർ നഴ്‌സിംഗ് ഒഫീസർ: 6
* ഡോക്ടർമാർ: 20 (18പേർ പി.എസ്.സി)

* ആഴ്ചയിൽ സ്‌പെഷ്യലൈസേഷൻ
* സൈക്യാട്രി, യൂറോളജി, സ്കിൻ

ഓപ്പറേഷനുകൾ
* ഓർത്തോ, ഗൈനക്കോളജി, ജനറൽ, ഇ.എൻ.ടി

അടിയന്തര പ്രാധാന്യത്തോടെ ഇ.എസ്.ഐയിലെ നഴ്‌സുമാരുടെ എണ്ണം ഇരുപതെങ്കിലുമാക്കി ഉയർത്തണം
എം. അഭിലാഷ്
കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗം