മൂവാറ്റുപുഴ: വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന മറ്റൊരു കാറിൽ ഇടിച്ച് യാത്രക്കാരനായ അഭിഭാഷകന് പരുക്കേറ്റു. എതിർ ദിശയിൽ എത്തിയ കാറിൽ സഞ്ചരിച്ചിരുന്ന അഡ്വ. എം. ജയലാലിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിന് സമീപമാണ് അപകടമുണ്ടായത്. വാഗമണിൽ നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ടയറാണ് പൊട്ടിയത്. കാർ പാഞ്ഞുവരുന്നത് കണ്ട് റോഡിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.