കോതമംഗലം: ജലഗതാഗത മേഖലയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിഹാരമാർഗങ്ങൾ ശുപാർശ ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷന്റെ രണ്ടാംഘട്ട പൊതു തെളിവെടുപ്പ് ഭൂതത്താൻകെട്ടിൽ നടന്നു. രജിസ്റ്റർ ചെയ്ത പതിനാറ് പേരിൽ 12 പേർ ഹിയറിംഗിൽ പങ്കെടുത്തു. ബോട്ടുകളിൽ പരിശോധന നടത്താൻ കനാൽ ഓഫിസർമാരുടെ സേവനം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുക, ഭൂതത്താൻകെട്ടിൽ ആറുമാസമെങ്കിലും ബോട്ടിംഗ് നടത്താൻ സാഹചര്യമൊരുക്കുക, മലിനീകരണ സാദ്ധ്യത ഒഴിവാക്കാൻ സോളാർ ബോട്ടുകൾ ഉപയോഗിക്കുക, തുടങ്ങിയ നിർദ്ദേശങ്ങളാണ് ഹിയറിംഗിൽ പ്രധാനമായും മുന്നോട്ടുവച്ചത്.

കുസാറ്റ് ഷിപ്പ് ബിൽഡിംഗ് ടെക്‌നോളജി വിഭാഗം റിട്ടയേർഡ് പ്രൊഫസർ ഡോ. കെ.പി. നാരായണൻ, കമ്മീഷൻ മെമ്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ. രമേഷ്‌കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്‌ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മീഷൻ ജോയിന്റ് സെക്രട്ടറി ശിവപ്രസാദ്, തുടങ്ങിയവർ തെളിവെടുപ്പിൽ പങ്കെടുത്തു. ഇതോടെ ജില്ലയിലെ തെളിവെടുപ്പ് പൂർത്തിയായി.

താനൂർ ബോട്ടപകടത്തെ തുടർന്നാണ് സർക്കാർ കമ്മീഷനെ നിയോഗിച്ചത്. നിലവിലുള്ള ലൈസൻസിംഗ് എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലെ ബോട്ട് അപകടങ്ങളിലെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക എന്നിവയും കമ്മീഷന്റെ പരിധിയിലുണ്ട്.