p-rajeev
കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന ജലധാരാ പദ്ധതി അയിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കളമശേരി നിയമസഭാ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന ജലധാരാ പദ്ധതി അയിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ 41 സ്കൂളുകളിലുമായി മൂന്ന് കോടി രൂപ ചെലവഴിച്ച് റിവേഴ്സ് ഓസ്മോസിസ് പ്ളാന്റുകൾ സ്ഥാപിച്ചുവെന്ന് മന്ത്രി പറഞ്ഞു.

സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി മുഖ്യാതിഥിയായി. ഒരു പ്ലാൻറ് സ്ഥാപിക്കാൻ 7.16 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 500 ലിറ്റർ ശേഷിയുള്ള ടാങ്കുകളാണ് ഓരോ സ്കൂളിലും സ്ഥാപിച്ചിട്ടുള്ളത്. കൊച്ചി വിമാനത്താവള കമ്പനിയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മണ്ഡലത്തിലെ സ്കൂളുകൾക്കായി ഒട്ടേറെ പ്രത്യേക പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ സ്കൂളുകളിലും സൗജന്യ പ്രഭാതഭക്ഷണ പരിപാടിയും മാലിന്യ മുക്ത ചിത്രകഥാപുസ്തകം ലഭ്യമാക്കിയ പദ്ധതിയും നടപ്പാക്കിയതോടൊപ്പം 30 കോടി രൂപയുടെ സ്കൂൾ കെട്ടിടങ്ങൾ, ലാബുകൾ, ഫർണിച്ചറുകൾ, അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. അയിരൂർ സെന്റ് തോമസ് സ്കൂളിന് പുതിയ ബാസ്കറ്റ്ബാൾ കളിക്കളം നിർമ്മിച്ച് നൽകുമെന്ന് മന്ത്രി പറഞ്ഞു.

കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ടി.വി. പ്രദീഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സിയാൽ എക്സിക്യുട്ടീവ് ഡയറക്ടർ ജയരാജ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻ കുമാർ, ഫാ. ജോയ്സ് കൈതക്കൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.