കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽപ്പേരെ പ്രതിചേർക്കണമെന്ന ആവശ്യത്തിൽ കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. ചലച്ചിത്ര പ്രവർത്തകരായ ലിസ്റ്റിൻ സ്റ്റീഫൻ, സുജിത് നായർ തുടങ്ങിയവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. പരാതിക്കാരനായ സിറാജ് വലിയതുറ ഹമീദിന്റെ ഹർജിയിലാണ്

എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിശദീകരണം തേടിയത്.

പറവ ഫിലിംസ് പാർട്ണർമാരായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, സഹനിർമ്മാതാവ് ഷോൺ ആന്റണി എന്നിവരാണ് നിലവിലെ പ്രതികൾ. നിർമ്മാണ പങ്കാളിയാക്കാമെന്നു പറഞ്ഞ് സിറാജിൽ നിന്ന് 7 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

അതേസമയം, ലിസ്റ്റിനിൽ നിന്ന് 7.5 കോടി രൂപ വായ്പ വാങ്ങിയ പറവ ഫിലിംസ് പലിശയടക്കം 9.6 കോടി രൂപ മടക്കി നൽകിയെന്നും സുജിത്തിൽ നിന്ന് 11 കോടി വാങ്ങി 14 കോടി തിരികെ നൽകിയെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെയും പണവായ്പാ നിയമത്തിന്റെയും ലംഘനമാണെന്നാണ് വാദം.