കൊച്ചി: യുവ കൗൺസിലറെ കൈയേറ്റം ചെയ്ത് ബാറിൽ തോക്കും വടിവാളും ഉയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം ഒളിവിൽ. കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ അനുയായികളായ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
കൗൺസറിലറും ഗുണ്ടാ സംഘവും ബാറിൽ പോരടിക്കാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടി. പ്രാഥമിക റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗം കൈമാറിയെന്നാണ് അറിയുന്നത്.
ശനിയാഴ്ച രാത്രിയാണ് ഗുണ്ടാ നേതാവിന്റെ സംഘത്തിലുള്ളവരും കൗൺസിലറും ഏറ്റുമുട്ടിയത്. ഗുണ്ടാ നേതാവിന്റെ ഒളിസങ്കേതവും മറ്റുവിവരങ്ങളും നിരവധി കേസുകളിൽ പ്രതിയായ കൗൺസിലർ തമിഴ്‌നാട് പൊലീസിന് കൈമാറിയെന്ന സംശയമാണ് കൈയാങ്കളിക്ക് പിന്നിൽ. വാക്കേറ്റം രൂക്ഷമായതോടെയാണ് ഗുണ്ടകൾ പുറത്തിറങ്ങി കാറിൽ നിന്ന് തോക്കും മാരകായുധങ്ങളുമായി ബാറിലേക്ക് തിരിച്ചുകയറിയത്. കുപ്രസിദ്ധ ഗുണ്ടയ്‌ക്കെതിരെ പൊതുവേദിയിൽ സംസാരിച്ചതിനാലാകാം തന്നെ ആക്രമിക്കാൻ കാരണമെന്നാണ് കൗൺസിലറുടെ മൊഴി.
ഏതാനും നാൾ മുമ്പ് ഒരു കേസിൽ കൗൺസിലറിന്റെ ബന്ധുവിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഒളിസങ്കേതം അടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത് കുപ്രസിദ്ധ ഗുണ്ടയുടെ ഇടപെടലിനെ തുടർന്നായിരുന്നു. ഇതിന് പ്രതികാരമായാണ് തമിഴ്‌നാട് പൊലീസിന് ഗുണ്ടയുടെ വിവരങ്ങൾ കൗൺസിലർ ചോർത്തിയതെന്ന് കരുതുന്നു. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത സ്വർണക്കവർച്ച കേസിൽ പ്രതിയായ ഗുണ്ടാ നേതാവ് ഇപ്പോൾ ഒളിവിലാണ്. ഇയാളുടെ അടുത്ത അനുയായിയെ അടുത്തിടെ തമിഴ്‌നാട് പൊലീസ് തൃപ്പൂണിത്തുറയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കൗൺസിലർ ബാറിലുണ്ടെന്നറിഞ്ഞാണ് ഗുണ്ടകൾ എത്തിയത്. സി.സി ടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചികിത്സ തേടിയശേഷം യുവ ജനപ്രതിനിധി ഇന്നലെ ആശുപത്രി വിട്ടു.