കളമശേരി: ഏലൂർചൗക്ക - ചേരാനല്ലൂർ പാലത്തിന് 27.70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വർഷങ്ങളുടെ പഴക്കമുള്ള ജനകീയാവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. 153.24 മീറ്റർ നീളമുള്ളതാണ് നിർദ്ദിഷ്ട പാലം. ഇതിൽ 20 മീറ്റർവീതം നീളമുള്ള 2 ലാൻഡ് സ്പാനുകളും 19.85 മീറ്റർ നീളമുള്ള 4 ലാൻഡ് സ്പാനുകളും, 32.04 മീറ്റർ നീളമുള്ള മദ്ധ്യ സ്പാനുമുണ്ട് . 7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും ഇരുഭാഗത്തുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. പാലത്തിന്റെ ആകെ വീതി 11.00 മീറ്ററും മദ്ധ്യസ്പാനിന് 12.00 മീറ്ററുമാണ്. ബാർജുകൾ പിയറുകളിൽ ഇടിക്കുന്നത് നിയന്ത്രിക്കുന്നതിന് 80 മില്ലീമീറ്റർ വ്യാസമുള്ള 16 ഫെൻഡർ പൈലുകളും നൽകും.
ചേരാനല്ലൂർ ഭാഗത്ത് അപ്രോച്ച് റോഡ് ഉൾപ്പെടെ 329 മീറ്ററും ഏലൂർ ഭാഗത്ത് അപ്രോച്ച് റോഡ് ഉൾപ്പെടെ 335 മീറ്ററും നീളത്തിലുള്ള റോഡുകളും ഇരുഭാഗങ്ങളിലായി സർവീസ് റോഡുകളും ഉണ്ടാവും. മണ്ണിന്റെ മോശം അവസ്ഥ കണക്കിലെടുത്ത് തെങ്ങിൻപൈലുകൾ ഉപയോഗിച്ച മണ്ണ് ബലപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
2010 ൽ പാലം നിർമ്മിക്കണമെന്ന ആവശ്യമുയർത്തി പുഴയിൽ മനുഷ്യച്ചങ്ങല തീർത്തിരുന്നു. ഒരു ഘട്ടത്തിൽ ടെൻഡർ നടപടികൾവരെ എത്തി. നിർമ്മാണോദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് മന്ദഗതിയിലായി.