ആലുവ: ബസുകൾ ഉൾപ്പെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കീഴ്മാട് സർക്കുലർ റോഡിലെ മുതിരക്കാട് ബസ് സ്റ്റോപ്പിലെ ബസ് കാത്തുനിൽപ്പ് കേന്ദ്രം പൊളിച്ചോണ്ടുപോയി!. രാത്രിയുടെ മറവിൽ സമീപത്തെ ഭൂവുടമയെ സഹായിക്കാൻ പി.ഡബ്ല്യു.ഡിയാണ് കടുംകൈ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് അശാസ്ത്രീയമായി റോഡിൽ കോൺക്രീറ്റ് കട്ടകൾ വിരിച്ചത് മൂലം വെള്ളക്കെട്ട് രൂപപ്പെട്ടതായി ആരോപിച്ച് സ്വരുമ റെസിഡന്റ്സ് അസോസിയേഷൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയത്. ഇതുസംബന്ധിച്ച് മാദ്ധ്യമങ്ങളിൽ ചിത്രം സഹിതം വാർത്തകളും വന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം രാത്രി
ഇവിടെ ഉണ്ടായിരുന്ന ബസ് കാത്തുനിൽപ്പ് കേന്ദ്രം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് കൊണ്ടുപോയി.
20 വർഷമായി ഉപയോഗിക്കുന്ന കാത്തുനിൽപ്പ് കേന്ദ്രമാണിത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്നാണ് ഇത് പൊളിച്ചതെന്നാണ് പറയുന്നത്. മാസങ്ങൾക്ക് മുമ്പും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാത്തുനിൽപ്പ് കേന്ദ്രം പൊളിച്ചുനീക്കിയതാണെങ്കിലും ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി തൊട്ടടുത്ത ദിവസം ഷെഡ് പുനഃസ്ഥാപിച്ചിരുന്നു. ഇതേതുടർന്ന് മറ്റ് നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് റെസിഡന്റ്സ് അസോസിയേഷനും നാട്ടുകാരും അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയത്.
മന്ത്രിക്ക് പരാതി നൽകിയതിന്റെ വാശിയിലാണ് രാത്രിയുടെ മറവിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രം പി.ഡബ്ല്യു.ഡി പൊളിച്ചതെന്ന് സംശയിക്കുന്നു. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് കട്ടകൾ വിരിച്ചശേഷം റോഡ് വർഷക്കാലത്ത് പുഴയാകാൻ കാരണം. ഉദ്യോഗസ്ഥരുടെ വീഴ്ച പുറത്തായതിന്റെ വാശിയിലാണ് ഉദ്യോഗസ്ഥർ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്. ഇവർക്കെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നൽകും
കെ. രഞ്ജിത്ത് കുമാർ
സെക്രട്ടറി, സ്വരുമ
റെസി. അസോസിയേഷൻ