കാക്കനാട്: കാക്കനാട് ടിവി സെന്റർ ജംഗ്ഷന് സമീപം എയർപോർട്ട് - സീപോർട്ടിന് റോഡിന് ചേർന്ന് കിടക്കുന്ന ഭൂമാഫിയ കൈയേറിയ കാക്കനാട് വില്ലേജ് ബ്ലോക്ക് നമ്പർ 9ൽ റിസർവേ നമ്പർ 365/1 നമ്പറിൽ പെട്ട 36 സെന്റോളംവരുന്ന പുറമ്പോക്ക് ഭൂമി കഴിഞ്ഞദിവസം റവന്യൂ ഉദ്യോഗസ്ഥർ തിരിച്ചുപിടിച്ചിരുന്നു. തുടർന്ന് തഹസിൽദാർ ഡി.വിനോദിന്റെ നിർദ്ദേശപ്രകാരം കാക്കനാട് വില്ലേജ് അധികാരികൾ പുറമ്പോക്ക് ഭൂമിയിൽ ബോർഡ് സ്ഥാപിച്ചു. സി.പി.ഐ തൃക്കാക്കര ഈസ്റ്റ് ലോക്കൽ സെക്രട്ടറി പ്രമേഷ് വി.ബാബുവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്.
പുറമ്പോക്ക് ഭൂമി കൈയേറി വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മുറിച്ച് കടത്തിക്കൊണ്ടുപോയ കാക്കനാട് സ്വദേശികളായ ശ്രീകാന്ത്, ബിജു എന്നിവർക്കെതിരെ കാക്കനാട് വില്ലേജ് ഓഫീസർ കെ.ബി. ബിന്ദു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന ജെ.സി.ബി നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പുറമ്പോക്ക് ഭൂമി കൈയേറ്റത്തിന് ഒത്താശചെയ്ത ചില റിട്ട. റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.