cheriapally

കോതമംഗലം : കോതമംഗലം മാർ തോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ ഈ വർഷവും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനിച്ചു. പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പള്ളിയിൽ ചേർന്ന വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാർ വകുപ്പുകളുടെ സഹകരണം ഉണ്ടാകും. ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായ നിലയിൽ ട്രാഫിക് സംവിധാനം ക്രമീകരിക്കും. കൂടുതൽ പൊലീസിനെ വിന്ന്യസിക്കും. ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ ടീമിനെയും നിയോഗിക്കും.

വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ ഭക്തജനങ്ങളുടെ സുരക്ഷക്കായി വനംവകുപ്പ് പ്രത്യേക നിരീഷണം ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി. അധിക സർവീസ് നടത്തും. കുടിവെള്ള വിതരണവും വൈദ്യുതി വിതരണവും കുറ്റമറ്റതാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രധാന പെരുന്നാൾ ദിവസങ്ങളായ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ കോതമംഗലത്ത് ഫെസ്റ്റിവൽ ഏരിയയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ചെറിയപള്ളി വികാരി ഫാ.ജോസ് മാത്യു തച്ചേത്തുകുടി, മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, തഹസിൽദാർ എം.അനിൽകുമാർ, ഡിവൈ.എസ്.പി. പി.എം. ബൈജു, പള്ളി ട്രസ്റ്റിമാരായ കെ.കെ.ജോസഫ്, എബി ചേലാട്ട്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലിം ചെറിയാൻ, ബിനോയി തോമസ്, ഡോ.റോയി എം.ജോർജ്, ബേബി തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു. 20 ഇരുപത് പെരുന്നാളിന് നാളെ വൈകിട്ട് അഞ്ചിന് കൊടിയേറും.