ആലുവ: വിവരാവകാശ അപേക്ഷ പരസ്യപ്പെടുത്തുകയും സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ചൂർണിക്കര ഗ്രാമപഞ്ചായത്ത് അധികൃതർ ഉൾപ്പെടെ 516 പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. വിവരാവകാശ പ്രവർത്തകൻ തായിക്കാട്ടുകര സ്വദേശി കെ.ടി. രാഹുലിന്റെ പരാതിയിൽ ചൂർണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജീവനക്കാർ, മൂന്ന് പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 500ഓളം പേർക്കെതിരെയാണ്കേസ്.

ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്. പഞ്ചായത്തിലെ ലൈംഗീക തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച് നൽകിയ വിവരാവകാശ അപേക്ഷ പ്രതികൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുടുംബശ്രീ അംഗങ്ങൾ തന്റെ വസതിയിലേക്ക് മാർച്ച് നടത്തിയെന്നും പരാതിയിൽ പറയുന്നു.

വീടിന്റെ ഗേറ്റിന് കേടുപാടുകൾ വരുത്തി. തന്നെയും പിതാവിനെയും അസഭ്യം പറഞ്ഞു. നിയമാനുസൃതമായ അനുമതിയില്ലാതെയാണ് സംഘം ചേർന്നതെന്നും പരാതിയിൽ പറയുന്നു. അതേസമയം, ചൂർണിക്കര പഞ്ചായത്ത് അഞ്ചാം വാർഡിലാണ് ഏറ്റവും കൂടുതൽ വേശ്യകളുള്ളതെന്നും ഇവർക്ക് സാമൂഹിക വേശ്യാ പെൻഷൻ അനുവദിക്കണമെന്നും രാഹുലിന്റെ നിവേദനത്തിൽ ആവശ്യപ്പെട്ടതാണ് പ്രതിഷേധങ്ങൾക്ക് കാരണമെന്നാണ് പ്രതികളാക്കപ്പെട്ടവരുടെ നിലപാട്.

 പിഴ ചുമത്തിയതിലെ വൈരാഗ്യം

പഞ്ചായത്തിൽ വിവരാവകാശ അപേക്ഷകൾ നൽകിയതിനെ തുടർന്ന് കെ.ടി. രാഹുലിനെ പൊതുശല്യമാണെന്ന് പ്രമേയം പാസാക്കിയതിനെതിരെ ഓംബുഡ്സ്മാൻ രണ്ടായിരം രൂപ വീതം ചൂർണ്ണിക്കരയിലെ പഞ്ചായത്തംഗങ്ങൾക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ് പിഴ ചുമത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റും സി.ഡി.എസ് അദ്ധ്യക്ഷയും പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയതെന്ന് പരാതിയിൽ പറയുന്നു.