കൊച്ചി: വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കാറുകൾ ഇറക്കുമതി ചെയ്യാൻ നിലവിലുള്ളത് കർശന ചട്ടങ്ങൾ. ഉയർന്ന ഇറക്കുമതിച്ചുങ്കവും നികുതിയുമുൾപ്പെടെ വലിയൊരു തുക ചെലവാകുമെന്നതിനാൽ അതിസമ്പന്നർക്ക് മാത്രമാണ് ഇറക്കുമതി ഇറക്കുമതി ചെയ്യാനാവുക. കസ്റ്റംസിൽ നിന്ന് ഇറക്കുമതി ലൈസൻസ് വാങ്ങുന്നതുൾപ്പെടെ സങ്കീർണമായ നടപടിക്രമങ്ങളും പൂർത്തിയാക്കണം.

വാഹനവിലയുടെ 120 മുതൽ 160 ശതമാനം വരെയാണ് ഇറക്കുമതിച്ചുങ്കം. നേരത്തേ 100 മുതൽ 150 വരെ ശതമാനമായിരുന്നു. ജി,എസ്.ടി നിരക്ക് 28 ശതമാനമായിരുന്നത് 40 ശതമാനമാക്കിയത് അടുത്തിടെയാണ്. 20 ശതമാനം റോഡ് തീരുവയും ഒരു ശതമാനം സെസ്സും കൂടിയാകുമ്പോൾ ഇന്ത്യയിൽ നിലം തൊടുന്ന വിദേശകാറുകളുടെ വില പൊള്ളും. ഇന്ത്യൻ വാഹനവിപണിയെ സംരക്ഷിക്കാനാണ് ഉയർന്ന തീരുവ ഈടാക്കുന്നത്

*റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകൾക്ക് മാത്രമാണ് അനുമതി. ബുഗാട്ടി പോലെയുള്ള കാറുകൾ ഇന്ത്യയിൽ എത്താത്തതും ഇതിനാലാണ്.

* മുംബെയ്, ചെന്നൈ, കൊൽക്കത്ത, കൊച്ചി തുറമുഖങ്ങൾ വഴി മാത്രമാണ് ഇറക്കുമതി

* നിർമ്മിച്ച രാജ്യത്തു നിന്ന് തന്നെയായിരികണം ഇറക്കുമതി. വാഹനം വിദേശത്ത് നിർമിച്ചതോ കൂട്ടിയോജിപ്പിച്ചതോ ആകണം. ഉപയോഗിച്ചതോ, കൈമാറിയതോ രജിസ്‌ട്രേഷൻ നടത്തിയവയോ പാടില്ല.

* സെക്കൻഹാൻഡ് കാറുകൾക്ക് ഇറക്കുമതി ചട്ടങ്ങൾ വേറെയാണ്. മൂന്നു കൊല്ലത്തിലേറെ പഴക്കം പാടില്ല.

* ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ ഹെഡ്ലൈറ്റ് വേണം.

* സ്പീഡോമീറ്ററിൽ കിലോമീറ്റർ തന്നെയാകണം (മൈൽ അനുവദനീയമല്ല)