u
കേരള ബ്രാഹ്മണസഭ തൃപ്പൂണിത്തുറ ഉപസഭ വനിതാവിഭാഗം സമിതിഅംഗവും ജില്ലാ വനിതാ വിഭാഗം വെെസ് പ്രസിഡന്റുമായ മീനാക്ഷി വരദരാജന്റെ ഗൃഹത്തിൽ ഒരുക്കിയിരിക്കുന്ന ബൊമ്മക്കൊലു

തൃപ്പൂണിത്തുറ: നവരാത്രി ആഘോഷത്തിൽ വിശ്വാസത്തിന്റെ നിറച്ചാർത്തുമായി അറിവിന്റെ അക്ഷര പുണ്യവുമായി നവരാത്രി വ്രതത്തിന് തുടക്കമായി. വ്രതാനുഷ്ഠാനത്തിന്റെ അനുഗ്രഹ നിറവിനായി തമിഴ് ബ്രാഹ്മണഗൃഹങ്ങളിലും ബ്രാഹ്മണ സമൂഹമഠങ്ങളിലും ദേവീസങ്കൽപത്തിൽ ബൊമ്മക്കൊലു ഒരുങ്ങി. ദേവീ ദേവൻമാരുടെ വിവിധ തരത്തിലുള്ള ബിംബങ്ങൾ തട്ടുകളിലായി അടുക്കി ഒരുക്കി നടത്തുന്ന പൂജയാണ് ബൊമ്മക്കൊലു. ഇനിയുള്ള ദിനങ്ങൾ പൂജയുടേയും പ്രാർത്ഥനകളുടേയും ദിനങ്ങളാണ്. തിന്മക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായിട്ടാണ് ഗൃഹങ്ങളിൽ പൂജാ മുറികളിലും പ്രത്യേക സ്ഥാനങ്ങളിലുമായി ബൊമ്മക്കൊലു ഒരുക്കുന്നത്. നവരാത്രി നാളുകളിൽ വീടുകളിൽ ഐശ്വര്യം നിറയ്ക്കുന്നതാണ് ബൊമ്മക്കൊലു ഒരുക്കിയുള്ള പുജകളും പ്രാർത്ഥനകളും എന്നാണ് വിശ്വാസം. നവരാത്രിയുടെ ആദ്യ മൂന്നുദിവസം ദുർഗാദേവിക്കും തുടർന്നുള്ള മൂന്നുദിവസം ലക്ഷ്മീദേവിക്കും പിന്നീടുള്ള മൂന്നുദിവസം സരസ്വതിക്കുമാണ് പൂജ നടത്തുന്നത്. പൂജയിലൂടെ ലഭിക്കുന്ന ദേവീസാന്നിധ്യം ഐശ്വര്യ പ്രദമാണെന്നാണ് വിശ്വാസം.