നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം അനുവദിച്ച 30.66 കോടി രൂപ ഉപയോഗപ്പെടുത്തി ആലുവ നിയോജകമണ്ഡലത്തിൽപ്പെട്ട പുളിയാമ്പിള്ളി പാലം, നെടുവന്നൂർ - ചൊവ്വര പാലം, മഠത്തിമൂല പാലം എന്നീ പാലങ്ങളുടെ നിർമ്മാണോദ്ഘാടനം 27ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
പുളിയാമ്പിള്ളിയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 12. 63 കോടിയും നെടുവന്നൂർ - ചൊവ്വര പാലത്തിന് 7.51 കോടിയും മഠത്തിമൂല പാലത്തിന് 10.52 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 2018ലെ പ്രളയത്തിൽ പാലങ്ങളുടെ പരിസര പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങാൻ കാരണമായത് പാലത്തിന്റെ വീതിക്കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് എം.എൽ.എമാരായ അൻവർ സാദത്തും റോജി എം. ജോണും എയർപോർട്ടുമായി ബന്ധപ്പെട്ടാണ് ഫണ്ട് കണ്ടെത്തുന്നതിന് ഇടപെടൽ ആരംഭിച്ചത്.
പിന്നീട് എം.എൽ.എമാർ മുഖ്യമന്ത്രി പിണറായി വിജയനെയും സിയാൽ ബോർഡ് ഡയറക്ടർമാരായ മന്ത്രിമാരെയും നേരിൽ കണ്ട് ആവശ്യം ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്നാണ് അനുകൂല തീരുമാനം ഉണ്ടായത്.
മന്ത്രി പി. രാജീവ്, ബെന്നി ബെഹനാൻ എം.പി, സിയാൽ എം.ഡി എസ്.സുഹാസ് എന്നിവരും കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും.