കൊച്ചി: പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കായംകുളം സ്വദേശി മുഹമ്മദ് അൻവർഷായ്‌ക്ക് (26) ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 90 ദിവസത്തിലേറെയായി ജയിലിലാണെന്നതടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

പോക്‌സോ കേസിന് പുറമേ എസ്.സി/എസ്.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും ഹർജിക്കാരൻ പെൺകുട്ടിയെ പിന്തുടർന്നിരുന്നു. പിന്നീട് കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. മേയ് 30നാണ് അറസ്റ്റിലായത്.
ആരോപണം തെറ്റാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. പ്രതിക്കെതിരെ 21 കേസുകൾ വേറെയുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ ഇനിയും ജയിലിലിടുന്നത്, കുറ്റക്കാരനെന്ന് കണ്ടെത്തുന്നതിന് മുമ്പേ ശിക്ഷിക്കുന്നതിന് തുല്യമാകുമെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.