കൊച്ചി: ഓട്ടോക്കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സാധനങ്ങൾ തട്ടിയെടുത്ത ഡ്രൈവറെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. നോർത്ത് റെയിൽവേ സ്റ്റേഷൻ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ വയനാട് വില്ലുമുക്ക് കണിയാമറ്റംവീട്ടിൽ അബ്ദുൾ റഹ്മാനാണ് (44) പിടിയിലായത്.
ജോലി അന്വേഷിച്ച് കഴിഞ്ഞ19ന് എറണാകുളത്തെത്തിയ പത്തനംതിട്ട കോന്നി കൂടൽസ്വദേശി അഭിലാഷിനാണ് (25) ക്രൂരമായി മർദ്ദനമേറ്റത്. ട്രെയിനിൽവന്ന അഭിലാഷ് വരാപ്പുഴയിലേക്ക് സുബിന്റെ ഓട്ടോയിലാണ് പോയത്. ഓട്ടോക്കൂലിയായി 540 രൂപ ആവശ്യപ്പെട്ടെങ്കിലും അത്രയും ഇല്ലെന്ന് യുവാവ് അറിയിച്ചു. തുടർന്ന് അഭിലാഷുമായി നോർത്ത് സ്റ്റേഷനിൽ തിരിച്ചെത്തിയ പ്രതി കൂലിയായി 1080 രൂപ ആവശ്യപ്പെട്ടു.
തുടർന്നുണ്ടായ വാക്കേറ്റത്തിലാണ് അബ്ദുൾ റഹ്മാൻ മുഷ്ടിചുരുട്ടി മോതിരവിരൽകൊണ്ട് യാത്രക്കാരന്റെ മൂക്കിലും തൊണ്ടയിലും സ്വകാര്യഭാഗത്തും ഇടിച്ചു പരിക്കേൽപ്പിച്ചത്. കൈവശമുണ്ടായിരുന്ന പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡുകൾ, പാസ്ബുക്ക്, 480 രൂപ എന്നിവയടങ്ങിയ ബാഗും തട്ടിയെടുത്തു. സാരമായി പരിക്കേറ്റ അഭിലാഷിനെ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്.
നോർത്ത് പ്രിൻസിപ്പൽ എസ്.ഐ എയിൻ ബാബു, എസ്.ഐ ഹരികൃഷ്ണൻ, സി.പി.ഒമാരായ റിനു, അജിലേഷ്, വിപിൻ, ഷിബു എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.