1
പ്രകാശ്

പള്ളുരുത്തി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ പള്ളുരുത്തി സോണൽ റവന്യൂവിഭാഗം ക്ലാർക്ക് പണവുമായി വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം പാറശാല സ്വദേശി എസ്. ഭവനിൽ എസ്.എസ്. പ്രകാശാണ് (30) പിടിയിലായത്. പള്ളുരുത്തിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണപെർമിറ്റിൽ വന്ന അപാകത പരിഹരിക്കുന്നതിനായാണ് പള്ളുരുത്തി സ്വദേശി തൂമ്പുങ്കൽവീട്ടിൽ അഡ്വ. രോഹിതിൽനിന്ന് രണ്ടുലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിൽ ആദ്യപടിയായി അമ്പതിനായിരം രൂപ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 25000 രൂപ നൽകാമെന്ന് പരാതിക്കാരൻ പറഞ്ഞു. ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫിനോഫ്തിലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി പരാതിക്കാരനെ ഉദ്യോഗസ്ഥന്റെ അടുക്കലേക്ക് അയച്ചു. പുറകെയെത്തിയ വിജിലൻസ് സംഘം പണം കൈപ്പറ്റിയ പ്രകാശിന്റെ കൈയിൽനിന്ന് കൈയോടെ പിടികൂടുകയായിരുന്നു.

സെൻട്രൽ റേഞ്ച് എസ്.പി പി.എൻ. രമേശ്കുമാറിന്റെ നിർദ്ദേശാനുസരണം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിമാരായ കെ.എ. തോമസ്, ജി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ, ഇൻസ്പെക്ടർമാരായ ആർ. മധു, എം. മനു, എ. ഫിറോസ്, എൻ.എ. അനൂപ് എന്നിവരടങ്ങിയ വിജിലൻസ് സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.