mahesh

ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തുന്നതിനിടെ പ്രതി ആലുവ പൊലീസിന്റെ പിടിയിലായി. ഇടുക്കി ഉടുമ്പൻചോല മരിയാപുരം നിരവത്ത് വീട്ടിൽ മഹേഷാണ് (41) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ സ്കൂൾ ഓഫീസിൽ നിന്ന് വലിയ ശബ്ദം കേട്ട് സമീപത്തെ കോൺവെന്റിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ ഉറക്കമുണർന്നപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ഉടൻ ആലുവ പൊലീസിനെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. എൽ.പി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ ഓഫീസുകളിലാണ് മോഷണം നടത്താൻ ശ്രമിച്ചത്. എൽ.പി സ്കൂളിൽ നിന്ന് 200 രൂപ മാത്രമേ നഷ്ടമായിട്ടുള്ളു. എന്നാൽ,​ എൽ.പി സ്കൂളിലെയും ഹൈസ്കൂളിലെയും ഓഫീസ് വാതിലുകളും പ്രതി നശിപ്പിച്ചിട്ടുണ്ട്. 30,000 രൂപയോളം നഷ്ടമുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ആലുവ പൊലീസ് ഇൻസ്പെക്ടർ വി.എം. കെർസൺ പറഞ്ഞു.