കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ കുടുങ്ങി മലയാളത്തിന്റെ മിന്നും താരങ്ങൾ. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരാണ് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് നികുതി വെട്ടിച്ചുകടത്തിയ കാറുകൾ സ്വന്തമാക്കിയ സംഭവത്തിൽ വെട്ടിലായത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ മിന്നൽ പരിശോധന താരങ്ങളെ ഞെട്ടിച്ചു. പരിശോധന മണിക്കൂറുകൾ നീണ്ടു.
ദുൽഖർ താമസിക്കുന്ന എളംകുളത്തെ വീട്ടിൽ രാവിലെ എട്ടരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി. ദുൽഖർ വീട്ടിൽ ഇല്ലായിരുന്നു. ദുൽഖറിന്റെ തമിഴ്‌നാട് രജിസ്‌ട്രേഷൻ ഡിഫൻഡറിന്റെ രേഖകളാണ് പ്രധാനമായി പരിശോധിച്ചത്. ഇതിനിടെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും എത്തി. വൈകിട്ട് നാലോടെ ഡിഫൻഡർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
പതിനൊന്നുമണിയോടെയാണ് മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീട്ടിൽ കസ്റ്റംസ് എത്തിയത്. ഹോംസ്റ്റേ ആയി നൽകുന്ന ഈ വീടിന് സമീപത്തുതന്നെയുള്ള ഗാരേജിലായിരുന്നു പരിശോധന. മുമ്പ് മമ്മൂട്ടി ഉപയോഗിച്ചിരുന്ന പത്ത് കാറുകൾ ഗാരേജിലുണ്ടായിരുന്നു. രേഖകൾ പരശോധിച്ചെങ്കിലും ഒന്നും കസ്റ്റഡിയിൽ എടുത്തില്ല.
അമിത് ചക്കാലക്കലിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ നാടകീയ രംഗങ്ങൾ അരങ്ങേറി. മദ്ധ്യപ്രദേശ് രജിസ്‌ട്രേഷനുള്ള ലാൻഡ് ക്രൂസറും കേരള രജിസ്‌ട്രേഷനുള്ള ലക്‌സസും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു. ഇവ പിന്നീട് കസ്റ്റഡിയിൽ എടുത്തു.
പൃഥ്വിരാജിന്റെ തേവരയിലെ വസതിയിലും തിരുവനന്തപുരത്തെ ഫ്‌ളാറ്റിലും പരിശോധന നടത്തി. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. സിനിമക്കാർ മാത്രമല്ല, വ്യവസായ പ്രമുഖർ, വൻകിട കാർ ഡീലർമാർ തുടങ്ങിയവരും പരിശോധന വലയത്തിൽ പെട്ടിട്ടുണ്ട്. ആരൊക്കെ ഇത്തരത്തിൽ വാഹനം സ്വന്തമാക്കി എന്നതിന്റെ പട്ടികയുമായാണ് കസ്റ്റംസ് സംഘം പരിശോധനക്കെത്തിയത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, പൃഥ്വിരാജിന്റെ ലാൻഡ് റോവർ തുടങ്ങിയ കാറുകളാണ് പട്ടികയിലുൾപ്പെട്ടിട്ടുള്ളത്.