* അപകടം രാത്രി ട്രിപ്പിനിടെ
കൊച്ചി: വൈപ്പിൻ-ഫോർട്ട്കൊച്ചി സർവീസ് നടത്തുന്ന റോ റോ ജങ്കാർ നിയന്ത്രണം വിട്ട് ചീനവലകളിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ഫോർട്ട്കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് വന്ന സേതുസാഗർ ഒന്ന് റോ റോയാണ് അപകടത്തിൽപ്പെട്ടത്. ചീനവലകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ കേടുപാടുണ്ട്.
വൈപ്പിൻ ജെട്ടിയിലേക്ക് വരികയായിരുന്ന റോ റോ ജലപാതയിൽനിന്ന് മാറി വൈപ്പിൻകരയിലെ ആദ്യ ചീനവലയിൽ ഇടിച്ചശേഷം രണ്ടാമത്തെ ചീനവലയിൽ തട്ടിയാണ് നിന്നത്. തുടർന്ന് വൈപ്പിൻ ജെട്ടിയിൽ റോ റോ അടുപ്പിച്ചു.
ഉണ്ണി, കുഞ്ഞുമോൻ എന്നിവരുടെ ചീനവലകൾക്കാണ് നഷ്ടമുണ്ടായത്. സംഭവസമയത്ത് റോ റോയിൽ നിരവധി യാത്രക്കാരും വാഹനങ്ങളും ഉണ്ടായിരുന്നു. കാളമുക്കിലേക്ക് മത്സ്യബന്ധന ബോട്ടുകൾ വരുന്ന ജലപാതയിലാണ് അപകടമുണ്ടായത്. ഈ സമയത്ത് ബോട്ടുകൾ ഇല്ലാതിരുന്നത് കൂടുതൽ അപായമൊഴിവാക്കി.
രാത്രികാലയാത്ര സുരക്ഷിതമാക്കാൻ റോ റോയുടെ ഉടമകളായ കൊച്ചി നഗരസഭയും നടത്തിപ്പുകാരായ കെ.എസ്.ഐ.എൻ.സിയും ഇടപെടണമെന്ന് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.