ph
മലയാറ്റൂർ മണപ്പാട്ടുചിറ

കാലടി: മലയാറ്റൂർ മണപ്പാട്ടുചിറയിൽ ഗാന്ധി ജയന്തി നാളിൽ വള്ളികളി ഒരുക്കുകയാണ് റോജി .എം ജോൺ എം.എൽ.എയും മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തും. ഉച്ചയ്ക്ക് 2.30 ന് മത്സരം തുടങ്ങും. ഇക്കൊല്ലം പ്രവേശനം സൗജന്യമാണ്. 2001 ലാണ് ആദ്യമായി വള്ളംകളി തുടങ്ങിയത്. പിന്നീട് നിലച്ചു.

തുഴക്കാരായി 12 പേർക്ക് കയറാവുന്ന വള്ളങ്ങളാണ് മത്സരത്തിനുണ്ടാകുക. ഒന്നാം സമ്മാനം 25,​000 രൂപ. രണ്ടാം സമ്മാനം 15,​000 രൂപ. 10 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി റോജി എം. ജോൺ എം.എൽ.എ പറഞ്ഞു.

തിരുവിതാംകൂർ രാജാവിനോട് കടപ്പാട്

വേനൽക്കാലത്ത് വറ്റി വരളുന്ന കൃഷിയിടങ്ങളെ പോറ്റാൻ തിരുവിതാംകൂർ രാജാവ് കൊച്ചി രാജ്യത്തിന് വിട്ടുകൊടുത്ത തടാകമാണ് മലയാറ്റൂർ മണപ്പാട്ടുചിറ എന്നതാണ് ചരിത്രം. 110 ഏക്കറിൽ പരന്നു കിടക്കുന്ന ശുദ്ധജല തടാകമാണിത്.

ഇടമലയാർ ഇറിഗേഷനും മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തും തമ്മിൽ തടാകത്തിനായുള്ള അവകാശ തർക്കം കോടതിയിലാണ്. മലയാറ്റൂരിലെത്തുന്ന തീർത്ഥാടർക്ക് വലിയൊരു ആശ്വാസമാണ് ചിറയും പരിസരവും. ചിറയുടെ സമീപം ഹാപ്പിനസ് പാർക്കുമുണ്ട്. ഒഴിവു ദിനങ്ങൾ സഞ്ചാരികളാൽ തിക്കും തിരക്കുമാണ് ഇവിടം.

നക്ഷത്ര തടാകം, കാർണിവൽ, ഇക്കോ ടൂറിസം എന്നീ പദ്ധതികൾ വികസിപ്പിക്കും. അതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നു. കൂടാതെ മലയാറ്റൂർ തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകും.

ജോയ് അവോക്കാരൻ

പ്രസിഡന്റ്,

മലയാറ്റൂർ - നീലീശ്വരം

ഗ്രാമ പഞ്ചായത്ത്