കൊച്ചി: പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാനരേഖകൾ ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിൽനിന്ന് അപ്രത്യക്ഷമായി. ക്ഷേത്രത്തിന്റെ 9.41 ഏക്കർ ഭൂമിയിൽ ശ്രീമൂലസ്ഥാനം നിലനിൽക്കുന്ന 1.76 പുറമ്പോക്കാക്കി മാറ്റാനുള്ള ആസൂത്രിതശ്രമങ്ങൾ ഭക്തർ ഇടപെട്ടതിനെ തുടർന്നാണ് തടസപ്പെട്ടത്. ഇത് മറികടക്കാനായി തയ്യാറാക്കിയ രേഖകളാണ് കാണാതായതെന്നാണ് സൂചന.
പള്ളുരുത്തി രാമേശ്വരം വില്ലേജ് ഓഫീസർ കെ.എ. ഫൈസൽ 2019 മാർച്ചിൽ തയ്യാറാക്കിയ പുറമ്പോക്ക് ഭൂമി വീണ്ടെടുക്കുന്നത് സംബന്ധിച്ച ഫോം എ, ക്ഷേത്രം കൈയേറിയതായി പറഞ്ഞ ഭൂമിയുടെ സ്കെച്ച്, മഹസർ, തഹസിൽദാരുടെ പരാമർശം, സബ് കളക്ടറുടെ റിപ്പോർട്ട് എന്നിവയാണ് ആർ.ഡി.ഒ ഓഫീസിലെ 2407/2019-എഫ് 1 ഫയലിൽനിന്ന് അപ്രത്യക്ഷമായത്. അതിൽ സബ് കളക്ടറുടെ റിപ്പോർട്ടിന്റെ പകർപ്പ് കഴിഞ്ഞമാസം അഡ്വക്കേറ്റ് ജനറൽ ആഫീസിൽനിന്ന് വാങ്ങി ക്ഷേത്രഭൂമി സംരക്ഷണസമിതി പ്രവർത്തകനായ സുരേഷ് പടക്കാറയുടെ വിവരാവകാശ അപേക്ഷയിൽ ആർ.ഡി.ഒ ഓഫീസ് നൽകി. മറ്റു രേഖകളെക്കുറിച്ച് വിവരമില്ല. നഷ്ടമായ രേഖകൾ അഡ്വക്കേറ്റ് ജനറൽ ഓഫീസിലേക്ക് നൽകിയത് സംബന്ധിച്ച കത്ത് ഫയലുകളിൽ ഇല്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പിന്നിൽ സ്വാർത്ഥ താത്പര്യങ്ങൾ
1.76 ഏക്കർ ഭൂമി സർക്കാർ പുറമ്പോക്കാക്കി മാറ്റാൻ ചില റവന്യൂ ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയക്കാരും ചേർന്ന് ചരടുവലി തുടങ്ങിയത് 2019ലാണ്. അഴകിയകാവ് ക്ഷേത്രഭൂമികൾ റവന്യൂ രേഖകളിൽ ദേവസ്വം ഭൂമിയെന്ന് തരംമാറ്റണമെന്നാവശ്യപ്പെട്ട് 2019ൽ കൊച്ചിൻ ദേവസ്വംബോർഡ് സെക്രട്ടറി ജില്ലാ കളക്ടർക്ക് കത്ത് നൽകിയതാണ് കാരണം. നൂറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ വേലവെളിപ്പറമ്പായ 1.76 ഏക്കർ അഴകിയകാവ് ക്ഷേത്രം ഓഫീസർ ഒരാഴ്ചമുമ്പ് കൈയേറിയെന്നാണ് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് അവ്യക്തമായതിനാൽ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് കൊച്ചി തഹസിൽദാരുടെ അടിയന്തര റിപ്പോർട്ട് തേടി. എന്നാൽ തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചതായോ ഇക്കാര്യത്തിൽ വിശദീകരണം തേടിയതായോ ഒരു രേഖയും ആർ.ഡി.ഒ ഓഫീസിൽ ഇല്ല.