കളമശേരി: അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് കോടികൾ തട്ടിയ കേസിലെ പ്രതികളെ പൊലീസിന് പിടികൂടാനായിട്ടില്ല. ജൂലായ് 8ന് ആദ്യ എഫ്.ഐ.ആർ ഇട്ടതാണ്. പത്തടിപ്പാലം അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമടക്കമുള്ള ഡയറക്ടർമാർ മുഴുവൻ ഒളിവിലാണ്. വിവിധ ജില്ലകളിലെ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയിട്ടും ജീവനക്കാർ പണം പിരിച്ചുകൊണ്ടിരുന്നു.

നാലുമാസത്തെ ശമ്പളം കിട്ടിയിട്ടില്ലെന്ന് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാർ പറയുന്നു. മൂന്നര മാസംമുമ്പ് സ്ഥാപനം പൂട്ടിയിട്ടും ഫീൽഡ് സ്റ്റാഫ് നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ചിരുന്നതായി ഗുരുതരമായ ആരോപണമുണ്ട്.

മകളുടെ വിവാഹ ആവശ്യത്തിന് എടുക്കാൻ നിക്ഷേപിച്ചിരുന്ന തുക കാലാവധി കഴിഞ്ഞ് ആവശ്യപ്പെട്ടപ്പോഴാണ് ജീവനക്കാർ ജോലിരാജിവച്ച് പോയ വിവരം അറിയുന്നത്. തുടർന്ന് ചെയർമാനെ ബന്ധപെട്ടതോടെ ഓരോ തീയതികൾ പറഞ്ഞ് കബളിപ്പിക്കാൻ തുടങ്ങി. ഒടുവിൽ ഫോൺ ബ്ലോക്കുചെയ്തതോടെ നേരിട്ടെത്തിയപ്പോഴാണ് ഓഫീസ് അടച്ചുപൂട്ടിയതറിയുന്നത്. ഡയറക്ടർമാർ വക്കീൽ മുഖാന്തിരം ഒത്തുതീർപ്പിന് മുന്നോട്ടുവന്നിട്ടുണ്ട്. നിക്ഷേപത്തുക തിരിച്ചുകിട്ടിയില്ലെങ്കിൽ ഇ.ഡിക്ക് പരാതി നൽകാനും പ്രതികളുടെ ആഡംബരകൊട്ടാരങ്ങളിൽ താമസമാക്കാനുമാണ് നിക്ഷേപകരുടെ തീരുമാനമെന്ന് നിക്ഷേപകനായ ആൽഫ്രഡ് ബെന്നോ പറഞ്ഞു. സ്ഥാപനം അടച്ചുപൂട്ടിയത് അറിഞ്ഞിരുന്നില്ല. അടച്ചുപൂട്ടി മൂന്നു മാസമായപ്പോഴും ഒരുജീവനക്കാരി അത് മറച്ചുവച്ച് വീട്ടിൽവന്ന് നിക്ഷേപത്തുക കൈപ്പറ്റിയെന്ന് കളമശേരി നഗരസഭ കൗൺസിലർ പറഞ്ഞു.