പറവൂർ: പറവൂരിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായി സ്റ്റേഡിയം ഗ്രൗണ്ട് നവീകരിക്കുന്നു. 2024- 2025 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച പത്ത് കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. സ്പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. ഗ്രേറ്റ് സ്പോർട്സ് ടെക് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തത്. ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയ്ക്കുള്ള നാച്വറൽ ടർഫ്, ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, സിന്തറ്റിക് ടർഫ് എന്നിവ ഒരുക്കുന്നുണ്ട്. ഫെൻസിംഗ്, ഫ്ലഡ്ലിറ്റ്, പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം ടോയ്‌ലെറ്റ് ബ്ളോക്ക്, വസ്ത്രം മാറാനുള്ള മുറികൾ, വാട്ടർടാങ്ക്, സെക്യൂരിറ്റി കാബിൻ, ഇലക്ട്രിക്കൽ റൂം എന്നിവയുമുണ്ടാകും. റീട്ടെയിനിംഗ് വാൾ നിർമ്മിച്ച് 60 സെന്റീമീറ്ററോളം ഉയർത്തി ഗ്രൗണ്ടിന് ചുറ്റും വെള്ളം ഒഴുകി പോകുവാൻ കാനയും മൈതാനത്തിന് ചുറ്റും ടൈൽസ് വിരിച്ച് നടപ്പാതയും ഒരുക്കും. എട്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
നിർമ്മാണോദ്ഘാടനം
ഇന്ന് രാവിലെ 10ന് മന്ത്രി വി. അബ്ദുറഹിമാൻ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് പ്രസിഡന്റ് എം.ജെ. രാജു, വനജ ശശികുമാർ, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, കെ.ജെ. ഷൈൻ, ടി.വി. നിധിൻ, ഡി. രാജ്കുമാർ, ജി. ഗിരീഷ്, പി.ബി. കൃഷ്ണകുമാരി എന്നിവർ പങ്കെടുക്കും.
ഗ്രൗണ്ടിന്റെ ഭൂതകാലം
നാല് ഏക്കറോളം വിസ്തൃതിയുള്ള ഗ്രൗണ്ട് പറവൂർ നഗരസഭയുടേതാണ്. മൂന്ന് പതിറ്രാണ്ടുകൾക്ക് മുമ്പ് നഗരസഭയുടെ കളിസ്ഥലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനായി വിട്ടുനൽകിയപ്പോൾ പകരമായി തൊട്ടടുത്ത് വാട്ടർ അതോറിട്ടി സബ് സ്റ്റേഷന് പിൻഭാഗത്ത് പുതിയൊരു കളിസ്ഥലം കണ്ടെത്തുകയായിരുന്നു. ചതുപ്പുപാടമായിരുന്ന ഈ പ്രദേശം മണ്ണിട്ട് നികത്തിയാണ് ഗ്രൗണ്ടാക്കി മാറ്റിയത്. അന്നുമുതൽ വെള്ളക്കെട്ട് കാരണം മഴക്കാലത്ത് ഗ്രൗണ്ട് ഉപയോഗശൂന്യമാകും. പതിനെട്ട് വർഷം മുമ്പ് സ്റ്രേഡിയം നിർമ്മിക്കുന്നതിന്റെ ആദ്യപടിയായി ഗാലറി പണിതു. വേണ്ടത്ര ആസൂത്രണമില്ലാതെ നിർമ്മിച്ചതിനാൽ പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ അഞ്ച് വർഷം മുമ്പ് ഗാലറി പൊളിച്ചുമാറ്രി.
കെ.സി.എയും കൈവിട്ടത്
മുനിസിപ്പൽ ഗ്രൗണ്ട് നിർമ്മാണത്തിന് കേരള ക്രിക്കറ്റ് അസോസിയേഷനെയും കേരള ഫുട്ബാൾ അസോസിയേഷനെയും നഗരസഭ സമീപിച്ചിരുന്നു. പത്ത് കോടിയോളം രൂപ ചെലവഴിക്കാൻ കെ.സി.എ തയാറായിരുന്നെങ്കിലും അവരുടെ നിബന്ധനകളോട് യോജിക്കാനാവാത്തതിനാൽ നഗരസഭ കൗൺസിൽ അംഗീകാരം നൽകിയില്ല.
ഏറെനാളായി വെള്ളക്കെട്ടും കുണ്ടുംകുഴിയുമായി കിടന്നിരുന്ന ഗ്രൗണ്ട് കന്നുകാലികളുടെ മേച്ചിൽപ്പുറമായിരുന്നു. കാടുകയറിക്കിടന്നിരുന്ന ഇവിടെ വിഷപ്പാമ്പുകളുടെ ആവാസകേന്ദ്രവുമായി. സാമൂഹ്യവിരുദ്ധർ താവളമാക്കുകയും ചെയ്തു. വേനൽക്കാലത്ത് ക്ളബുകളുടെ നേതൃത്വത്തിൽ ക്രിക്കറ്റ്, ഫുട്ബാൾ ടൂർണമെന്റുകൾ നടത്താറുണ്ട്.