മൂവാറ്റുപുഴ: മൂവാറ്റുപുഴ കാവിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശബ്ദ,​ ലൈറ്റ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി കൊണ്ടുവന്ന ജനറേറ്റർ കേബിളുകൾ മോഷണം പോയി. കഴിഞ്ഞ രാത്രിയിലാണ് സംഭവം. കാവിനോട് ചേർന്നുള്ള അന്നദാന മണ്ഡപത്തിൽ ജനറേറ്ററുമായി യോജിപ്പിച്ചിരുന്ന കേബിളുകൾ ആണ് മോഷണം പോയത്. 140 മീറ്ററോളം കേബിൾ നഷ്ടപ്പെട്ടു. നാൽപതിനായിരത്തോളം രൂപ വിലവരുന്ന കേബിളുകളാണ് മോഷ്ടിച്ചതെന്ന് കീർത്തി സൗണ്ട് ഉടമ ജെയിംസ് മാത്യു പറഞ്ഞു. ക്ഷേത്രത്തിലെ മറ്റ് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും കേബിളുകൾ മോഷണം പോയതിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും ക്ഷേത്രം ഭാരവാഹി ശിവദാസൻ നമ്പൂതിരി പറഞ്ഞു. ക്ഷേത്രവും പരിസരവും നിരീക്ഷണ ക്യാമറകളുടെ പരിധിയിൽ ആയിരുന്നിട്ടും വിദഗ്ദ്ധമായി മോഷണം നടത്തിയവരെ കണ്ടെത്തണമെന്നും പൊലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.