കിഴക്കമ്പലം: മലയിടംതുരുത്ത് പര്യത്ത് കോളനിയ്ക്ക് സമീപത്തെ അമ്പതോളം കുടുംബങ്ങളുടെ വസ്തു വകകൾ അളന്ന് തിരിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർ നൽകിയ നോട്ടീസിൽ വിവാദം കൊഴുക്കുന്നു. കോളനിയിലെ 7 കുടുംബങ്ങൾക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ വിധി ഇതുവരെ നടപ്പാക്കാനായിട്ടില്ല. അതിനിടെയാണ് സമീപത്തെ വസ്തുക്കൾ കൂടി അളന്നു തിരിക്കുന്നത് സംബന്ധിച്ച നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ചവരിൽ മലയിടം തുരുത്ത് ജുമാ മസ്ജിദും ഉൾപ്പെടും. സ്ഥലം അളക്കാനുള്ള നോട്ടീസ് മരവിപ്പിക്കണമന്ന് മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ ആവശ്യപ്പെട്ടു. നോട്ടീസ് മരവിപ്പിക്കാതെ തുടർന്നാൽ സ്ഥലം ഉടമകൾ പ്രതിസന്ധിയിലാക്കും. പര്യത്ത് കോളനിയിലെ കുടുംബങ്ങളെ സർക്കാർ തലത്തിൽ ഏറ്റെടുത്ത് സ്ഥലവും വീടും നൽകി പ്രശ്നങ്ങൾ പരിഹരിക്കണം. അതിന് പകരം പ്രശ്നം കൂടുതൽ സങ്കീർണമാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും സജീന്ദ്രൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വാർത്ത സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എച്ച്. അബ്ദുൾ ജബ്ബാർ, പട്ടിമറ്റം ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.എൽദോ, വാഴക്കുളം മണ്ഡലം പ്രസിഡന്റ് തമ്പി കുര്യാക്കോസ്, ഫനീഫ കുഴുപ്പിള്ളി എന്നിവർ പങ്കെടുത്തു.

അതേസമയം കോളനി ഒഴിപ്പിക്കൽ സുഗമമാക്കുന്നതിനാണ് പരിസരത്തെ വസ്തുക്കൾ കൂടി അളക്കുന്നതെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. ഒഴിപ്പിക്കലിനിടെ സർവെ നമ്പർ സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കുന്നതിനാണ് നടപടിയെന്നും വകുപ്പ് വ്യക്തമാക്കി.