1
ഇടക്കൊച്ചിയിൽ നടന്ന പ്രതിഷേധ പ്രകടനം

പള്ളുരുത്തി: ഇടക്കൊച്ചിയിൽ ക്ഷേത്രത്തിന്റെ മതിലും റോഡും തകർത്ത് ഭൂമാഫിയയുടെ വിളയാട്ടം. കണ്ണങ്ങാട്ട് ദേവീ ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന പള്ളുരുത്തി സ്വദേശിയുടെ പേരിലുള്ള തണ്ണീർത്തടം നികത്തുന്നതിനാണ് ക്ഷേത്രവാടമതിലും റോഡും തകർത്തത്. അമ്പത് ലോഡിലേറെ പൂഴിമണൽ തണ്ണീർത്തടത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. വലിയ ടോറസ് വാഹനങ്ങളിലാണ് പൂഴിമണൽ എത്തിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള റോഡിൽ നിക്ഷേപിച്ച പൂഴി ജെ.സി.ബി ഉപയോഗിച്ച് കോരി നീക്കിയപ്പോഴാണ് റോഡും തകർന്നത്. ക്ഷേത്രാങ്കണത്തിൽ നിന്നിരുന്ന ആൽമരവും മാവും തെങ്ങും തണ്ണീർത്തടം നികത്തുന്നതിനിടെ ഭൂമാഫിയ നശിപ്പിച്ചിട്ടുണ്ട്.

പുലർച്ചെ നാലോടെ പൂജാരി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിപ്പെട്ടത്, ഉടനെ ദേവസ്വം ഭാരവാഹികളെ വിവരം അറിയിച്ചു. സംഭവമറിഞ്ഞ് ഭക്തജനങ്ങളും നാട്ടുകാരും പൊതുപ്രവർത്തകരുമെത്തി. ഇതിനിടയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധജാഥ നടത്തി. തുടർന്ന് ക്ഷേത്രത്തിനു മുന്നിലുള്ള റോഡ് ഉപരോധിച്ചു. മണിക്കൂറുകളോളം ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു. പൊലീസുമെത്തിയിരുന്നു. വാഹനങ്ങൾ നിരയായി കുടുങ്ങിയതോടെ പ്രതിഷേധക്കാരും വാഹനയാത്രക്കാരും തമ്മിൽ വാഗ്വാദമായി. തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കാമെന്ന് തഹസിൽദാരെത്തി ഉറപ്പുനൽകിയാലേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്ന് പറഞ്ഞ് പ്രതിഷേധക്കാർ റോഡിൽ കൂടിനിന്നതോടെ വാഹന ഗതാഗതം തിരിച്ചുവിട്ടു.

തുടർന്ന് തഹസിൽദാർ, ഇടക്കൊച്ചി വില്ലേജ് ഓഫീസർ എന്നിവരെത്തി പരിശോധന നടത്തി. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കും. സമീപത്തെ സി.സി ടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, കോൺഗ്രസ് നേതാവ് തമ്പി സുബ്രഹ്മണ്യൻ, കെ.ജെ. ബെയ്സിൽ, പത്മനാഭൻ, പി.പി. സുയൻസ്, സി.ജി. ഗോപാലകൃഷ്ണൻ , രജീഷ് വാസുദേവ്, കെ.ഡി. ശശികുമാർ, വി.എൽ. ബാബു എന്നിവർ സംസാരിച്ചു.