പറവൂർ: പറവൂർ - ആലുവ റോഡിൽ രാത്രികാലങ്ങളിൽ അജ്ഞാതസംഘം ആക്രമണം നടത്തുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപക പ്രചാരണമാണ് അടുത്ത ദിവസങ്ങളിലുണ്ടായത്. ആലുവ - പറവൂർ റോഡിൽ മറിയപ്പടി, വലയോടം, പാലയ്ക്കൽ എന്നിവിടങ്ങളിലാണ് അജ്ഞാതസംഘം വാഹനം തടഞ്ഞ് നിർത്തി ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി അങ്കമാലി ഭാഗത്തെ ആശുപത്രിയിലേക്ക് കാറിൽ പോകുകയായിരുന്നവരെ മൂന്നംഗ സംഘം ആക്രമിക്കാൻ ശ്രമിച്ചതായി പറയുന്നു.

കാർ കൈകാണിച്ച് നിറുത്തിയ ശേഷമാണ് ആക്രമണ ശ്രമമുണ്ടായത്. സംഭവം ശ്രദ്ധയിൽ പെട്ടെന്നും പ്രദേശത്ത് പരിശോധന നടത്തിയെന്നും പൊലീസ് പറഞ്ഞു. എന്നാൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ കൃത്യമല്ലെന്നാണ് ആലങ്ങാട് പൊലീസ് പറയുന്നത്. ലഹരിസംഘങ്ങളുടെ ഭയന്ന് നാട്ടുകാർ രാത്രി സമയത്ത് പുറത്തിറങ്ങാറില്ല. ഈ അവസരം മുതലെടുത്താണ് അജ്ഞാതസംഘം കറങ്ങി നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

ആലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിനിടെ അഞ്ച് മോഷണങ്ങളാണ് നടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി മോഷണങ്ങൾ നടന്നിട്ടും ഭൂരിഭാഗം കേസുകളിലും മോഷ്ടാക്കളെ പിടികൂടിയിട്ടില്ല.