railway

നെടുമ്പാശേരി: ആലുവ - കാലടി റോഡിൽ പുറയാർ റെയിൽവേ പാലം നിർമ്മിക്കണമെന്ന ജനങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട ആവശ്യം യാഥാർത്ഥ്യമാകുന്നു. 54 കോടിയോളം രൂപ ചെലവഴിച്ചുള്ള റെയിൽവേ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം ഒക്ടോബർ നാലിന് നടക്കും.

പുറയാർ റെയിൽവേ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം അന്നേദിവസം ഉച്ചയ്ക്ക് 12ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായിരിക്കും.

അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നിർമ്മാണോദ്ഘാടനം വിജയിപ്പിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയാമുരളീധരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമ്പിളി അശോകൻ, നൗഷാദ് പാറപ്പുറം, നഹാസ് കളപ്പുരക്കൽ, ടി.വി. സുധീഷ്, കെ.ഇ. നിഷ, ശോഭന സുരേഷ് കുമാർ, വിജിത വിനോദ്, ഇ.കെ. അനിൽ കുമാർ എന്നിവർ സംസാരിച്ചു.

തീർത്ഥാടകർക്കും സൗകര്യം

പുറയാർ റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ റോഡിൽ പതിവായി കിലോമീറ്റർ നീണ്ട വാഹനനിരയാണ് രൂപപ്പെടുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ കാലടി, ആലുവ ഭാഗത്തേക്കുള്ള പതിവ് യാത്രക്കാർക്ക് മാത്രമല്ല, തിരുവൈരാണിക്കുളം, കാഞ്ഞൂർ പള്ളിയിലേക്കുള്ള തീർത്ഥാടകർക്കും സൗകര്യമാകും. റെയിൽവേ ഗേറ്റ് അടച്ചിടുമ്പോഴുണ്ടാകുന്ന ഗതാഗത കുരുക്കും സമയ നഷ്ടവും മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയ അൻവർ സാദത്ത് എം.എൽ.എ നടത്തിയ ശ്രമങ്ങളുടെ ഫലമായി യു.ഡി.എഫ് സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീടു വന്ന എൽ.ഡി.എഫ് സർക്കാരുകളിൽ എം.എൽ.എ നിരന്തര സമ്മർദ്ദം ചെലുത്തിയാണ് ഫണ്ട് ലഭ്യമാക്കിയത്.

നിർദ്ദിഷ്ട പുറയാർ റെയിൽവേ പാലത്തിന് 627 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുണ്ടാകും.

പാലത്തിൽ രണ്ടുവരി ഗതാഗതത്തിന് 7.5 മീറ്ററും നടപ്പാതയ്ക്ക് 1.5 മീറ്ററുമായിരിക്കും വീതി.

ഇരുവശത്തും 290 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും കാനയും ഉൾപ്പെടെ അഞ്ച് മീറ്റർ വീതിയിൽ റോഡിനിരുവശത്തുമായി സർവീസ് റോഡുമുണ്ടാകും.

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.

 പാലം നിർമ്മാണത്തിന് 34.90 കോടിയും അപ്രോച്ച് റോഡിന് 18.81 കോടി രൂപയുമാണ് അനുവദിച്ചത്.