കൊച്ചി: സി.എ വിദ്യാർത്ഥി ആദം ജോ ആന്റണിയെ പള്ളുരുത്തിയിൽനിന്ന് കാണാതായ കേസിന്റെ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാക്കി. യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരണമെന്ന് കോടതി സംസ്ഥാന പൊലീസ് മേധാവിക്കും മനുഷ്യക്കടത്ത് വിരുദ്ധ അന്വേഷണ സ്‌ക്വാഡിനും നിർദ്ദേശംനൽകി. കണ്ടെത്തുന്നതുവരെ പൊലീസ് എല്ലാമാസവും കോടതിയിൽ റിപ്പോർട്ട് നൽകണം. ഇതിനിടെ എന്തെങ്കിലും പുരോഗതി ഉണ്ടായാൽ ഉടൻ കോടതിയെ സമീപിക്കാൻ അധികൃതർക്കു സ്വാതന്ത്ര്യമുണ്ടാകും.

മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആദം ജോയുടെ പിതാവ് കൊല്ലശേരിൽ കെ.ജെ. ആന്റണി നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം. ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്. സി.ബി.ഐ ഏറ്റെടുക്കാൻ തക്ക ദേശീയപ്രാധാന്യം ഈ കേസിന് ഇല്ലെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് അന്വേഷണം മനുഷ്യക്കടത്തുവിരുദ്ധ സ്‌ക്വാഡിന് വിടാമെന്ന് പൊലീസ് മേധാവി അറിയിക്കുകയായിരുന്നു.

സൈക്കിൾ സവാരിക്കിറങ്ങിയ ആദം ജോയെ 2024 ജൂലായ് 27നാണ് കാണാതായത്. യുവാവ് കൊച്ചി കപ്പൽശാലവരെ എത്തിയതിന് തെളിവു ലഭിച്ചെങ്കിലും കൂടുതൽ സൂചനകളൊന്നും ഉണ്ടായിട്ടില്ല.