1
പരിക്കേറ്റ കോൺഗ്രസ് നേതാവ് ടി.എ. സിയാദ് ആശുപത്രി​യി​ൽ

പള്ളുരുത്തി: കൊച്ചി നഗരസഭ പള്ളുരുത്തി സോണൽ ഓഫീസി​ലെ റവന്യൂവിഭാഗം ക്ലാർക്ക് കൈക്കൂലി​പ്പണവുമായി വിജിലൻസ് പിടിയിലായ സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫീസിലേക്ക് ഉപരോധ സമരവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മി​ൽ സംഘർഷം. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ നഗരസഭാ ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ കൂടുതൽ പൊലീസെത്തി. ഉപരോധത്തിനിടെ ഓഫീസിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച ഇരുപതോളം പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കി. സംഘർഷത്തി​നി​ടയി​ൽ പരി​ക്കേറ്റ ന്യൂനപക്ഷസെൽ ജില്ലാ സെക്രട്ടറി ടി.എ. സിയാദി​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉപരോധസമരം കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ പി.പി. ജേക്കബ് അദ്ധ്യക്ഷനായി​. ഷിജു ചിറ്റേപ്പള്ളി, വി.എഫ്. ഏണസ്റ്റ്, ജോസഫ് മാർട്ടിൻ, എം.എ. ജോസി, അവറാച്ചൻ എട്ടുങ്കൽ, ടി.എം. റിഫാസ്, അഡ്വ. തമ്പി ജേക്കബ്,സി.എക്സ്. ജൂഡ്, എ.ജെ. ജെയിംസ്, ഹസീന നജീബ്, മഞ്ജു, രാജി രാജൻ, ജാൻസി ജോസഫ്, പ്രേം ജോസ്, ജോസ് മോൻ, ഐ.എ. ജോൺസൻ, ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

പള്ളുരുത്തി സോണൽ ഓഫീസി​ലെ ക്ലാർക്ക് പാറശാല സ്വദേശി എസ്. ഭവനിൽ എസ്.എസ്. പ്രകാശാണ് (30) ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പള്ളുരുത്തി സോണൽ ഓഫീസിൽവച്ച് പിടിയിലായത്.