കളമശേരി: മാർത്തോമാ ഭവന്റെ 40ലേറെ വർഷമായി വിലകൊടുത്തുവാങ്ങി കൈവശത്തിലിരിക്കുന്ന ഭൂമിയിൽ രാത്രിയുടെ മറവിൽ മതിൽക്കെട്ട് പൊളിച്ച് അതിക്രമിച്ചു കയറാൻ സൗകര്യം ചെയ്തുകൊടുത്ത രാഷ്ട്രീയ ഗുണ്ടകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ് പറഞ്ഞു.

സ്ഥലം എം.എൽ.എകൂടിയായ മന്ത്രി പി. രാജീവ് രണ്ടാഴ്ചമുമ്പ് പുരോഹിതർക്ക് കൊടുത്ത ഉറപ്പുകൾ നിലനിൽക്കെ, പൊലീസിന്റെയും സർക്കാരിന്റെയും സംരക്ഷണയിലുള്ള സ്ഥലത്ത് എങ്ങനെയാണ് ഗുണ്ടകൾക്ക് ജെ.സി.ബിയും മറ്റും ഉപയോഗിച്ച് മതിൽക്കെട്ട് പൊളിച്ച് കയറാൻ സാധിച്ചതെന്ന് മന്ത്രി മറുപടി പറയണം. മാർത്തോമാ ഭവനിലെ പുരോഹിതരുടെ കൈവശമിരിക്കുന്ന ഭൂമിയിൽ ഭൂമി കച്ചവടത്തിന്റെയും റിയൽ എസ്റ്റേറ്റ് താത്പര്യത്തിന്റെയും മറവിൽ അതിക്രമിച്ചു കയറാൻ ആര് നോക്കിയാലും ജില്ലാ കോൺഗ്രസ് കമ്മിറ്റി അതിനെ ചെറുത്ത് തോൽപ്പിക്കുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.