കെ.കെ.രത്‌നൻ
വൈപ്പിൻ: വൈപ്പിൻ ദ്വീപിലെ ചെറായി, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളുടെ നവീകരണത്തിനായി 2.96 കോടി രൂപയുടെ ഭരണാനുമതിയായി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വർക്കിംഗ് ഗ്രൂപ്പ് യോഗമാണ് അനുമതി നൽകിയത്. ഏഴ് മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാകും.
ചെറായി ബീച്ചിന് 1.09 കോടിയും, കുഴുപ്പിള്ളി ബീച്ചിന് 58.95 ലക്ഷവും, മുനമ്പം ബീച്ചിന് 66.66 ലക്ഷം രൂപയുമാണ് അനുവദിച്ചത്. നടപ്പാതകളുടെ നവീകരണം, അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ, കൈവരികൾ, ഇരിപ്പിടങ്ങൾ, സ്‌നാക്‌സ് ബാറുകൾ, കുട്ടികളുടെ കളി ഉകരണങ്ങൾ, ഓപ്പൺജിം, വാഹന പാർക്കിംഗ് സൗകര്യം, പൊലീസ് കൺട്രോൾറൂം, വൈദ്യുതി വിളക്കുകൾ, ടോയ്‌ലെറ്റുകളുടെ നവീകരണം എന്നിവയാണ് നടപ്പാക്കുന്നത്.
ദ്വീപിലെ ഒമ്പത് ബീച്ചുകളുടെ നവീകരണത്തിനും വികസനത്തിനും 2017ൽ ടൂറിസം വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് 45 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിരുന്നു. എന്നാൽ തീരദേശ പരിപാലന ചട്ടങ്ങൾ തടസമായതിനാൽ പദ്ധതി നടപ്പാക്കാനായില്ല. ഇതേ തുടർന്നാണ് 3 ബീച്ചുകളുടെ നവീകരണത്തിനായി ഇപ്പോഴത്തെ പദ്ധതിക്ക് രൂപം നൽകിയത്. ടൂറിസത്തിൽ നിന്നുള്ള വരുമാന വർദ്ധനവിനും അതുവഴി ദ്വീപിന്റെ വികസനത്തിനും പുതിയ പദ്ധതി വഴിതുറക്കുമെന്ന് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു.
ചെറായി ബീച്ചിൽ വർഷകാലത്തെ കടലാക്രമണത്തിൽ നഷ്ടപ്പെട്ട കടൽ തീരം മണ്ണടിഞ്ഞ് ഇപ്പോൾ വീണ്ടും രൂപം കൊണ്ടിട്ടുണ്ട്. ഇവിടെ നടപ്പാതക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. പാർക്കിംഗ് സ്ഥലവും വെള്ളം കെട്ടിക്കിടന്ന് നാശമായിരുന്നു. പുതിയ പദ്ധതിയോടെ ചെറായി ബീച്ചിന്റെ ഈ അപര്യാപ്തതകൾക്ക് പരിഹാരമാകും.