
വൈപ്പിൻ: സ്വാഭാവിക ശ്വസന പ്രക്രിയയിലൂടെ ഓക്‌സിജൻ വേണ്ടത്ര അളവിൽ കിട്ടാത്തവർക്കും ശ്വാസകോശ രോഗികൾക്കും സൗജന്യമായി പ്രാണവായു എത്തിക്കുന്ന ദൗത്യത്തിൽ 200 തികച്ച് സോളിരാജും സുഹൃത്ത് സംഘവും. ചെറായി സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സോളിരാജ് കൊവിഡ് ദുരന്തകാലത്താണ് ഈ ദൗത്യം തുടങ്ങി വച്ചത്. പൊതുസമ്പർക്കം വിലക്കിയിരുന്ന അക്കാലത്ത് യാദ്യശ്ചികമായാണ് ഓക്‌സിജൻ സിലിണ്ടർ എത്തിച്ചു നൽകിയത്. പ്രശംസിക്കപ്പെട്ടപ്പോൾ പിന്നീടത് അദ്ദേഹത്തിന്റെ ജീവിത ശൈലിയായി മാറി.
200-ാമത്തെ സിലിണ്ടർ പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിലെ മുരിക്കുംത്തറ കാർത്തികേയന്റെ ഭാര്യ ശകുന്തളയ്ക്ക് കൈമാറിയപ്പോൾ കെ.കെ.ബാബു, എം.ജെ. ടോമി, മുനമ്പം സന്തോഷ് , സി.ആർ.സുനിൽ, കെ.എസ്.സുകുമാർ, പ്രഷീല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോൾസൺ മാളിയേക്കൽ, ലീമ ജിജിൻ, ദീപ്തി പ്രൈജൂൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സാധാരണക്കാർക്ക് സഹായം
സ്വാഭാവിക ശ്വസനത്തിലൂടെ ശരീരത്തിന് വേണ്ടത്ര അളവിൽ ഓക്‌സിജൻ കിട്ടാതെ വരുമ്പോൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ജീവൻ നിലനിർത്താനും ചിലർക്ക് ജീവിതം തിരിച്ചു പിടിക്കാനും ഓക്സിജൻ സിലിണ്ടർ വലിയ സഹായകരമാണ്. രോഗികൾക്ക് വീട്ടിൽ ഉപയോഗിക്കാൻ സർക്കാർ സംവിധാനത്തിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ ലഭ്യമാകില്ല. വില നൽകി സിലിണ്ടർ വാങ്ങണമെങ്കിൽ വലിയ സിലിണ്ടറിന് 2000 രൂപയോളം വരും. ഏജൻസിയിൽ നിന്ന് സിലിണ്ടർ എടുക്കുമ്പോൾ 5000 രൂപ പ്രതിമാസ വാടകയും നൽകണം. ചികിത്സയ്ക്ക് വലിയ തുക ആശുപത്രിയിൽ ചെലവാക്കി സാമ്പത്തികമായി തകർന്നു നിൽക്കുന്ന കുടുംബങ്ങൾക്ക് വലിയ താങ്ങായി മാറുകയാണ് ഓക്‌സിജൻ വിതരണം. ഓക്‌സിജൻ തീരുന്ന മുറയ്ക്ക് സിലിണ്ടർ എത്തിച്ചും നൽകും.
ഇരുന്നൂറിൽ ഇതുവരെ 35 പേർ ജീവിതം തിരികെ പിടിച്ചെന്ന് സോളിരാജ് പറഞ്ഞു. രാജേഷ് ചിദംബരൻ, ബിനുരാജ് പരമേശ്വരൻ, പി.ബി.സുധി, മനു കുഞ്ഞുമോൻ, ശ്രീജിത്ത് സോമൻ എന്നിവർ ഈ ദൗത്യത്തിൽ സോളിക്കൊപ്പമുണ്ട്.