കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരം മലീമസമായതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി. ശുചീകരണത്തിന് സ്വീകരിച്ച നടപടികളുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
ദേവസ്വംബോർഡ് മരാമത്ത് വിഭാഗം എക്സിക്യുട്ടിവ് എൻജിനിയർ, ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് എൻജിനിയർ എന്നിവരെ ഇന്നലെ കോടതി വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഇവരുടെ വിശദീകരണം തൃപ്തികരമെല്ലെന്ന് ബെഞ്ച് വിലയിരുത്തി. തുടർന്നാണ് പരിഹാര നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്. ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനമാണെന്ന പരാതിയിൽ സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണനയിലുള്ളത്. വിഷയം വീണ്ടും ഒക്ടോബർ 15ന് പരിഗണിക്കും.
ക്ഷേത്രപരിപാലനവും ശുചീകരണവും കാര്യക്ഷമമല്ലെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അടുക്കളയിലടക്കം അഴുക്കും മാലിന്യവും കെട്ടിക്കിടക്കുന്ന ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.