hospital-
വെങ്ങോല സാമൂഹ്യാരോഗ്യ കേന്ദ്രത്തിനോടു ചേർന്ന് ഒന്നര കോടിയോളം രൂപ ചെവഴിച്ചു നിർമ്മിച്ച ഐസൊലേഷൻ വാർഡ് കാടുകയറി നശിച്ചുകൊണ്ടിരിക്കുന്നു. വെങ്ങോ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൻ്റെ പഴയ ആ പത്രി കെട്ടിടം കാലാകാലങ്ങളിൽ വേണ്ടത്ര മെയിൻ്റനൻസ് ജോലികൾ ചെയുന്നതു മൂലം കെട്ടിടത്തിരൻ്റ ഭിത്തികളിൽ ആൽമരതൈകളും സസ്യങ്ങളും മറ്റും വളർന്നു നിൽക്കുന്നു

പെരുമ്പാവൂർ: സാംക്രമിക രോഗബാധിതരെ മാറ്റി പാർപ്പിക്കുന്നതിനായി വെങ്ങോല സാമൂഹികാരോഗ്യകേന്ദ്രത്തോട് ചേർന്ന് ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഐസോലേഷൻ വാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയിട്ട് ഒന്നരവർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. മാത്രമല്ല കെട്ടിടം കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും പകർച്ചാവ്യാധി പ്രതിരോധ കേന്ദ്രം (ഐസോലേഷൻ വാർഡ്) സ്ഥാപിക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിർമ്മിച്ച കെട്ടിടം 2024 ഫെബ്രുവരി ആറിനാണ് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.

പത്ത് കിടക്കകളുള്ള ഐസോലേഷൻ കേന്ദ്രത്തിലേക്ക് ഡോക്ടർമാർ ഉൾപ്പടെയുള്ളവരെ ഇതുവരെ നിയമിച്ചിട്ടില്ല. മാത്രമല്ല പുതിയ കെട്ടിടം നിർമ്മിച്ചതോടെ വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം കാലകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തത് കാരണം ഭിത്തികളിൽ ആൽമരമടക്കമുള്ള വൃക്ഷങ്ങളും മറ്റ് ചെടികളും വളർന്ന് അപകടാവസ്ഥയിൽ നിൽക്കുകയാണ്.

പെരുമ്പാവൂർ മണ്ഡലത്തിലെ ഐസോലേഷൻ വാർഡ് കൂടി ഉൾപ്പെടുന്ന വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ഇല്ലാത്തതിനാൽ വൈകീട്ട് ആറു മണി കഴിഞ്ഞാൽ അടച്ചുപൂട്ടുന്ന അവസ്ഥയാണ്. ആശുപത്രിയിൽ മുഴുവൻ സമയ ഡോക്ടറെ നിയമിക്കണമെന്ന നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം അധികൃതർ അവഗണിക്കുന്നു.

ഐസോലേഷൻ വാർഡ് പ്രവർത്തനക്ഷമമാക്കണമെന്നും വെങ്ങോല ആശുപത്രിയിൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ഉറപ്പാക്കി കിടത്തി ചികിത്സ പുന:രാരംഭിക്കണമെന്നും മാനവദീപ്തി കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് വർഗീസ് പുല്ലുവഴി അദ്ധ്യക്ഷനായി. ശിവൻ കദളി . എം.കെ. ശശീധരൻ പിള്ള, സി.കെ. അബ്ദുള്ള, ജി. ശിവരാമൻ നായർ എന്നിവർ സംസാരിച്ചു .


വെങ്ങോല ഗവ. ആശുപത്രിയോട് ചേർന്ന് നിർമ്മിച്ച പകർച്ചവ്യാധി പ്രതിരോധ വാർഡ് പ്രവർത്തനക്ഷമമാക്കണം. അല്ലെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരും

ശിവൻ കദളി

സെക്രട്ടറി

മാനവദീപ്തി