കോതമംഗലം: കൂട്ടംതെറ്റി കോതമംഗലം ടൗണിലെത്തിയ കേഴമാൻ കുഞ്ഞിന് ആൾതാമസമില്ലാത്ത വീടിന്റെ ഗെയിറ്റിൽ കുരുങ്ങി പരിക്കേറ്റു. കോതമംഗലം ശോഭനപ്പടിക്ക് സമീപം കൂറ്റപ്പിള്ളിൽ ഏണസ്റ്റിന്റെ വീടിന് സമീപം ഇന്നലെ ഉച്ചയോടെയാണ് കേഴമാനെ പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടത്. തുടർന്ന് കേഴയെ സുരക്ഷിതമായി വീടിന്റെ പട്ടിക്കൂട്ടിലേക്ക് മാറ്റുകയും വനപാലകരെ വിവരം അറിയിക്കുകയുമായിരുന്നു. ആർ.ആർ.ടി സംഘമെത്തി കേഴയെ ഏറ്റെടുത്തു. തുടർന്ന് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. നാല് വയസോളം പ്രായമുള്ള കേഴയാണിത്.