പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷ സംഭാവന കൂപ്പൺ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പിരിക്കുന്നത് വിലക്കിയ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കി. ഉത്തരവിനെതിരെ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സജി നമ്പിയത്ത്, സെക്രട്ടറി പി. വേണുഗോപാൽ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. വാദംകേട്ട ജസ്റ്റിസ്‌ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവ് റദ്ദ് ചെയ്താണ് ഹർജി തീർപ്പാക്കിയത്. ഇത്തരത്തിൽ ദേവസ്വംബോർഡ്‌ അധികാരികൾ പുറപ്പെടുവിച്ച തീരുമാനം ഏകാധിപത്യപരവും ഏകപക്ഷീയവുമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഉപദേശകസമിതി ഭാരവാഹികൾ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ സംഭാവന പിരിക്കാനെത്തിയപ്പോൾ ദേവസ്വം മാനേജർ വിസമ്മതിച്ചു. തുടർന്ന് ഭാരവാഹികൾ അകത്ത് പ്രവേശിച്ചില്ല. എന്നാൽ​ വൈകിട്ട് ദേവസ്വം മാനേജർ ക്ഷേത്രത്തിൽ ഇല്ലാതിരുന്ന സമയം സ്ത്രീകളടക്കമുള്ള ഉപദേശകസമിതി ഭാരവാഹികൾ ക്ഷേത്രമതിൽക്കെട്ടിനുള്ളിലിരുന്ന് സംഭാവന പിരിച്ചു. ഇതിനുശേഷം ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസ‌‌ർ ഉപദേശകസമിതിക്ക് നോട്ടീസ് നൽകി. നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

നവരാത്രി ആഘോഷം അലങ്കോലപ്പെടുത്തുവാനുള്ള ബോധപൂർവമായ ഉത്തരവാണെന്ന് ആരോപിച്ച് ഉപദേശകസമിതി ദേവസ്വം കമ്മിഷണർക്കും ദേവസ്വംവകുപ്പ് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. സംഭാവന കൂപ്പണുകൾ സീൽചെയ്ത് നൽകുന്നതിലും ദേവസ്വം ബോർഡ് കാലതാമസം വരുത്തിയിരുന്നു.