ആലുവ: സി.പി.എം വനിതാ നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ യുട്യൂബർ കെ.എം. ഷാജഹാനെ പ്രത്യേക അന്വേഷണ സംഘത്തലവൻ മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചര മണിക്കൂർ ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മുതൽ രാത്രി 7.20 വരെ ആലുവ സൈബർ പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. ഷാജഹാൻ തിങ്കളാഴ്ച വീണ്ടും ഹാജരാകണം.
യുട്യൂബിലൂടെ ആരെയും പേര് പറഞ്ഞ് വിമർശിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഷാജഹാൻ വ്യക്തമാക്കിയെന്നാണ് വിവരം. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. സി.ഐമാരായ സുനിൽകുമാർ, ജഗദീഷ്, സ്റ്റെപ്‌റ്റോ ജോൺ എന്നിവരും ചോദ്യം ചെയ്യൽ സംഘത്തിൽ ഉണ്ടായിരുന്നു.
പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധം
കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയപ്പോൾ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. തുടർന്ന് ഷാജഹാനെ പൊലീസ് സംരക്ഷണയിലാണ് പുറത്തുവിട്ടത്. ഷാജഹാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമെന്ന ധാരണയിൽ പ്രതിഷേധക്കാർ അവിടേക്കെത്തി. ഷാജഹാനാകട്ടെ ആലുവ മെട്രോ സ്റ്റേഷനിലെത്തി എറണാകുളത്തേക്കു മടങ്ങി. റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സമരക്കാർ നിരാശയോടെ മടങ്ങി.
കോടതി വിശദീകരണം തേടി
കേസിൽ എറണാകുളം സെഷൻസ് കോടതി എറണാകുളം റൂറൽ സൈബർ പൊലീസിന്റെ വിശദീകരണം തേടി. കോൺഗ്രസ് പ്രാദേശിക നേതാവും ഒന്നാം പ്രതിയുമായ സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിച്ചേക്കും.
പ്രഭവകേന്ദ്രം പറവൂരെന്ന് ഉണ്ണിക്കൃഷ്ണൻ
തനിക്കെതിരായ ആരോപണത്തിന്റെ പ്രഭവ കേന്ദ്രം പറവൂരാണെന്ന് വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണൻ. ആസൂത്രിതമായ ഗൂഢാലോചനയാണ്. വി.ഡി. സതീശന് പങ്കുണ്ടോയെന്ന് അറിയില്ല. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ രാജിക്ക് തയ്യാറാണെന്നും എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞു.