കൊച്ചി: സർക്കാർ ജീവനക്കാരുടെ പരിഷ്കരിച്ച ക്ഷാമബത്തയുടെ കുടിശിക അനുവദിക്കുന്നതിൽ സർക്കാർ വ്യക്തമായ സ്കീം തയ്യാറാക്കി സമർപ്പിക്കണമെന്ന് ഹൈക്കോടതി. ഡി.എ കുടിശികയിൽ 25 ശതമാനമെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് പ്രസിഡന്റ് എൻ.മഹേഷ് അടക്കം സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാന്റെ നിർദ്ദേശം.
ക്ഷാമബത്തയും കുടിശികയും നൽകേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണെന്ന് ആഗസ്റ്റ് 22ലെ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുക അനുവദിക്കാനുള്ള സമയക്രമവും തുടർ നടപടികളും വിശദീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ഷാമബത്തയുടെ മൂന്ന് ഗഡുക്കൾ അനുവദിച്ചതായാണ് സർക്കാർ ഇന്നലെ അറിയിച്ചത്. ഇതിൽ കുടിശിക ഉൾപ്പെടുന്നില്ലെന്ന് ഹർജിക്കാർക്കായി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി. ഹർജികൾ ഒക്ടോബർ 10ന് വീണ്ടും പരിഗണിക്കും.