
കൊച്ചി: ഭവനരഹിതർക്കായി തദ്ദേശ സ്ഥാപനം നിർമ്മിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭവന സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. 394 കുടുംബങ്ങളുടെ വീടെന്ന സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷ്യംവഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫോർട്ടുകൊച്ചിയിലെത്തും.
രാജീവ് ആവാസ് യോജനയിൽ കൊച്ചി നഗരസഭ നിർമ്മിച്ച ഇരട്ട ടവറുകളിലെ ഗൃഹപ്രവേശം ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി നിർവഹിക്കും. ആദ്യ ടവറിന് 12ഉം രണ്ടാമത്തേതിന് 13ഉം നിലകളുണ്ട്. ഒരു ടവർ കൊച്ചി കോർപ്പറേഷനും രണ്ടാമത്തേത് കോർപ്പറേഷനു വേണ്ടി സി.എസ്.എം.എല്ലുമാണ് നിർമ്മിച്ചത്. തുരുത്തി കോളനിവാസികൾക്ക് വേണ്ടിയാണ് ഫോർട്ടികൊച്ചി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് സമീപം ടവറുകൾ നിർമ്മിച്ചത്.
ഉദ്ഘാടന ദിവസം രണ്ട് കുടുംബങ്ങൾക്ക് ഫ്ളാറ്റുകളുടെ താക്കോൽ കൈമാറും. 15 ദിവസത്തിനുള്ളിൽ അർഹരായവരെ മുഴുവൻ ഇവിടേക്ക് മാറ്റും. 285 കുടുംബങ്ങളുടെ വെരിഫിക്കേഷൻ കഴിഞ്ഞു.
ആകെ ചെലവ് 91.75 കോടി
ഒന്നാം ടവർ
10796.42 ചതുരശ്ര മീറ്റർ
ചെലവ് 41.74 കോടി
12 നിലകൾ
300 ചതുരശ്ര അടി വീതമുള്ള 199 യൂണിറ്റുകൾ
ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചൺ, ബാൽക്കണി, രണ്ട് ടോയ്ലെറ്റുകൾ
81 പാർക്കിംഗ് സ്ലോട്ടുകൾ
105 കെ.എൽ.ഡി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
മൂന്ന് ലിഫ്റ്റുകൾ
താഴെ ഒരു അങ്കണവാടിയും 14 കടമുറികളും
രണ്ടാം ടവർ
10221 ചതുരശ്ര മീറ്റർ
ചെലവ് 44.01 കോടി
ഒരു പൊതുമുറ്റം
13 നിലകൾ
ഓരോ നിലയിലും 15വീതം 195 ഫ്ളാറ്റുകൾ
ഓരോ യൂണിറ്റും 350 ചതുരശ്ര അടി
താഴത്തെ നിലയിൽ 18 കടമുറി
68 കാറിനും, 17 ബൈക്കിനും പാർക്കിംഗ്
മൂന്ന് ലിഫ്റ്റുകൾ
റൂഫ് ടോപ്പിൽ സോളാർ പാനൽ
രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതി പ്രവർത്തന സജ്ജമായതിൽ അഭിമാനം, സന്തോഷം.
അഡ്വ.എം. അനിൽകുമാർ
മേയർ, കൊച്ചി കോർപ്പറേഷൻ