കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് മാസത്തോളമായി ഒഴിഞ്ഞുകിടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ നാലിന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. രാവിലെ 11ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്തും. നാല്പത് ദിവസത്തെ അധികാരവാഴ്ചക്കായാണ് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നത്.
പ്രസിഡന്റായിരുന്ന സിബി മാത്യുവിനെയും വൈസ് പ്രസിഡന്റായിരുന്ന ലിസി ജോളിയെയും കൂറൂമാറ്റ നിരോധന നിയമ പ്രകാരം കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത്. അടുത്ത ഡിസംബർ ഇരുപതിന് ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി അവസാനിക്കും. അതിന് മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കും. ഈ സാഹചര്യത്തിൽ ഒകടോബർ നാലിന് തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും നാൽപത് ദിവസത്തോളം മാത്രമാണ് അധികാരം ലഭിക്കുക.
എൽ.ഡി.എഫിന് സാദ്ധ്യത
പതിനെട്ട അംഗ ഭരണസമിതിയിലെ മൂന്ന് അംഗങ്ങൾ അയോഗ്യരാക്കപ്പെട്ടിരുന്നു.ഇതുമൂലം ഇപ്പോൾ ഭരണസമിതിയുടെ അംഗസംഖ്യ പതിനഞ്ച് ആണ്. എട്ട് അംഗങ്ങളുള്ള എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.അംഗങ്ങൾ വിജയിക്കാനാണ് സാദ്ധ്യത. പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്താക്കപ്പെട്ടതിന് ശേഷം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എച്ച്.നൗഷാദാണ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. ഈ ഭരണസമിതിയുടെ തുടക്കത്തിൽ യു.ഡി.എഫ് ആണ് ഭരണം നടത്തിയിരുന്നത്. കൂറുമാറിയ മൂന്ന് അംഗങ്ങളുടെ പിന്തുണയിൽ രണ്ടര വർഷത്തിന് ശേഷം എൽ.ഡി.എഫ്. ഭരണം പിടിക്കുകയായിരുന്നു. അട്ടിമറിയുണ്ടായില്ലെങ്കിൽ കാലാവധി തീരുംവരെ ഭരണത്തിൽ തുടരാൻ എൽ.ഡി.എഫിന് കഴിയും.