photo
ചെറായി ജംഗ്ഷനിൽ സി.പി.എം പ്രവർത്തകർ ടോറസ് ലോറികൾ തടയുന്നു

വൈപ്പിൻ: ചെറായി ജംഗ്ഷനിൽ രാത്രി ടോറസ് ലോറികൾ തടഞ്ഞ സംഭവത്തിൽ 65 സി.പി.എം പ്രവർത്തകർക്കെതിരെ മുനമ്പം പൊലീസ് കേസെടുത്തു. ഏരിയ സെക്രട്ടറി എ.പി. പ്രീനിൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ബി. സജീവൻ, കെ.കെ. ജോഷി, ഇ.സി. ശിവദാസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
രാത്രി കാലങ്ങളിൽ വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിലൂടെയുള്ള ടോറസ് ലോറികളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കാൻ പൊലീസോ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരോ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ലോറി തടയൽ. കണ്ടെയ്‌നർ ലോറികൾ കണ്ടെയ്‌നർ റോഡിലൂടെ മാത്രം പോകുക, സംസ്ഥാനപാതയിലൂടെ പോകുന്ന ടിപ്പറുകളും ടോറസുകളും നിയമപ്രകാരമുള്ള നിബന്ധനകൾ പാലിക്കുക, നിയമം ലംഘിക്കുന്നവർക്കെതിരെ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ നടപടി എടുക്കുക എന്നിവ ഉന്നയിച്ചായിരുന്നു തടയൽ സമരം.