ആലുവ: ആലുവ നഗരസഭാ പാൻ നമ്പർ ഉപയോഗിച്ച് നഗരസഭാ കൗൺസിലോ സെക്രട്ടറിയോ അറിയാതെ ബാങ്ക് അക്കൗണ്ട് തുടങ്ങി പണപ്പിരിവ് നടത്തിയതിന്റെ പേരിൽ നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. തുടർന്ന് ആക്ഷേപം ഉന്നയിച്ച ബി.ജെ.പി കൗൺസിലർമാർ വാക്കൗട്ട് നടത്തി.

ബി.ജെ.പി കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിര ദേവി എന്നിവരാണ് ഇറങ്ങിപ്പോയത്. നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ചു തുടങ്ങിയ ബാങ്ക് അക്കൗണ്ടും പണവും നഗരസഭയുടേതാണെന്നാണ് ചട്ടം. എന്നാൽ ആലുവ നഗരസസഭ കണക്കുകളിലോ ഓഡിറ്റിലോ ഇത് വന്നിട്ടില്ലെന്നത് ഗുരുതര അഴിമതിയാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്ത് ആരോപിച്ചു.

ശതാബ്ദി ആഘോഷ കമ്മിറ്റി 2021 ഒക്ടോബർ 27ൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിലാണ് അക്കൗണ്ട് തുടങ്ങിയതെന്നാണ് ഇതുമായി ബന്ധപ്പെട്ട് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ,​ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയിട്ടില്ലെന്നും അത്തരത്തിലൊരു തീരുമാനം കൗൺസിലിൽ വന്നിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ചെയർമാൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

ശതാബ്ദി ആഘോഷത്തിന്റെ മറവിലുള്ള അഴിമതി പുറത്തായിട്ടും ഇടതുപക്ഷ കൗൺസിലർമാർ പ്രതികരിക്കാത്തത് ഒത്തുകളിയുടെ ഭാഗമാണെന്ന് ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ ആരോപിച്ചു.