kalla

കോലഞ്ചേരി: ഒ.ഇ.എൻ ഭാഗത്ത് നിന്ന് തിരിവാണിയൂരിലെത്താൻ പെടാപാടു പെടും. കലുങ്ക് നിർമ്മാണത്തിനായി ഈ റൂട്ടിലെ ഓടകൾ ഒന്നിച്ചു പൊളിച്ചതോടെ നാട്ടുകാർക്ക് തീരാദുരിതം. റോഡ് വികസനത്തിന്റെ പേരിൽ കലുങ്കുകൾ പൊളിച്ചതോടെയാണ് യാത്രക്കാരും നാട്ടുകാരും ദുരിതത്തിലായത്. ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ പോകുന്ന തിരുവാണിയൂർ വെട്ടിക്കൽ റോഡിലെ 3 കലുങ്കുകളാണ് ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായും പൊളിച്ചത്.

കൊച്ചങ്ങാടി മുതൽ ഒ.ഇ.എൻ കമ്പനി വരെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിനു വീട്ടുകാർക്കു നിലവിൽ അത്യാവശ്യങ്ങൾക്കു പോലും തിരുവാണിയൂരിലെത്താൻ കിലോമീ​റ്ററുകൾ കറങ്ങണം. ഒ.ഇ.എൻ കമ്പനിയിൽ ജോലിക്കാരും കമ്പനിയിലെത്താൻ ഇടറോഡുകളിലൂടെ ചു​റ്റേണ്ടിവരും.

ദ്രുതഗതിയിലെ പണി

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്

കലുങ്ക് പകുതിഭാഗം പൊളിച്ച് ചെറുവാഹനങ്ങൾക്കു പോകാൻ സൗകര്യം ഒരുക്കി നിർമ്മാണം നടത്തും എന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇതൊന്നും പാലിക്കാതെ കലുങ്കുകൾ പൊളിച്ചതിൽ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വേഗത്തിൽ പണികൾ തീർക്കാനെന്ന പേരിലാണ് യാത്രാസൗകര്യം പൂർണമായും തടസ്സപ്പെടുത്തി 3 കലുങ്കുകളും പൊളിച്ചതെന്നാണ് ആക്ഷേപം. റോഡിൽ ആവശ്യമില്ലാത്ത സ്ഥലത്ത് പുതിയ കലുങ്ക് നിർമിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

കലുങ്ക് നിർമ്മാണത്തിനായി റോഡിൽ ഗതാഗതം നിരോധിക്കുമെന്ന് അറിയിച്ച് ഒരാഴ്ച മുമ്പ് തിരുവാണിയൂർ കൊച്ചങ്ങാടി കവലയ്ക്കു സമീപത്തെ അപകടാവസ്ഥയിലുള്ള കലുങ്കാണ് ആദ്യം പൊളിച്ചത്. നിർമ്മാണം പൂർത്തിയാകുന്നതു വരെ സമാന്തര റോഡിലൂടെ പോകണമെന്നായിരുന്നു നിർദേശം.

ഇതോടെ തിരുവാണിയൂർ പഞ്ചായത്ത് ശ്മശാനം റോഡിലൂടെയാണു വാഹനങ്ങൾ പോയിരുന്നത്. എന്നാൽ അടുത്ത ദിവസങ്ങളിൽ റോഡിലെ 2 കലുങ്കുകൾ കൂടി മുന്നറിയിപ്പില്ലാതെ പൊളിച്ചതോടെ ശ്മശാനം റോഡിലൂടെയും സഞ്ചരിക്കാൻ കഴിയാതെ ദുരിതത്തിലാവുകയായിരുന്നു.

40 ദിവസത്തിലേറെ കലുങ്ക് നിർമാണത്തിനു വേണ്ടിവരുമെന്നാണ് പറയുന്നത്. അതുവരെ റോഡിലൂടെ ചെറുവാഹനങ്ങൾക്കു പോകാൻ താത്കാലിക സൗകര്യമെങ്കിലും ഒരുക്കണം.

ബിജു തിരുവാണിയൂർ

പ്രദേശവാസി