മരട്: മരട് നഗരസഭയിൽ തീരദേശവാസികൾക്ക് അരികിലെത്തി ആരോഗ്യസേവനങ്ങൾ നൽകിയിരുന്ന ഫ്ലോട്ടിംഗ് ഡിസ്പെൻസറി വീണ്ടും പ്രവർത്തനം തുടങ്ങി. നഗരസഭയിലെ വളന്തകാട് പ്രൈമറി ഹെൽത്ത് സെന്ററിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന ഫ്ലോട്ടിംഗ് ഡിസ്പെൻസറി രണ്ട് വർഷത്തോളമായി സ്വകാര്യബോട്ടിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. മരടിന്റെ വിവിധയിടങ്ങളിലായി കായലോരങ്ങളിലാണ് ബോട്ടിലെത്തി മരുന്നുകളും ഡോക്ടറുടെ സേവനവും നൽകിവന്നിരുന്നത്. ഈ സേവനം നിലച്ചത് ഫ്ലോട്ടിംഗ് ഡിസ്പെൻസറിയെ ആശ്രയിച്ചിരുന്ന രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മരടിൽ മാത്രമല്ല കുമ്പളം പഞ്ചായത്തിലും ഫ്ലോട്ടിംഗ് ഡിസ്പെൻസറിയുടെ സേവനമെത്തിയിരുന്നു.
കൊവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികൾക്ക് ആശ്വാസമാകുന്ന സേവനങ്ങളായിരുന്നു നൽകിയിരുന്നത്.
മരട് കടവിൽ നടത്തിയ ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ റിനി തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ , ബിനോയ് ജോസഫ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മോളി ഡെന്നി, ജയ ജോസഫ്, ജെയ്നി പീറ്റർ, ഡോ. എസ്. സൗമ്യ, ഡോ. പ്രീത, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് എന്നിവർ സംസാരിച്ചു.
പ്രവർത്തനസമയം
രാവിലെ 9.30മുതൽ ഉച്ചയ്ക്ക് 1.30വരെയാണ് ഫ്ളോട്ടിംഗ് ഡിസ്പെൻസറിയുടെ പ്രവർത്തനസമയം. തിങ്കൾ: മൂത്തേടം കടവ്, കേട്ടേഴത്തുകടവ്, ചൊവ്വ: നായനാർ ഹാൾ, ബുധൻ: ചേപ്പനം ബണ്ടുജെട്ടി, വ്യാഴം: ചാത്തമ്മജെട്ടി, വെള്ളി: മരട് ഇഞ്ചയ്ക്കൽ (ചൂളയ്ക്കൽ) കടവ്, ശനി: ചേപ്പനം ബണ്ട്. ഞായർ അവധിയാണ്. ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷൻ എന്നിവരടങ്ങുന്ന ടീമാണ് ഫ്ലോട്ടിംഗ് ഡിസ് പെൻസറിയിലുള്ളത്. സൗജന്യപരിശോധയും മരുന്നുവിതരണവും ഉണ്ടാകും.